കൊച്ചി: കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവവും യുവനടി ആക്രമിക്കപ്പെട്ട കേസും തമ്മില്‍ സാദൃശ്യമുണ്ടെന്ന് വിശദീകരിച്ച് സാഹിത്യകാരി കെ.ആര്‍.മീര. സ്ത്രീകളോടുള്ള സമീപനത്തില്‍ മലയാള സിനിമാ താരങ്ങളുടെ സംഘടനയും കത്തോലിക്കാ സഭയും തമ്മിലുള്ള സാദൃശ്യങ്ങളും നിസ്സാരമല്ലെന്ന് കെ.ആര്‍.മീര ഫെയ്സ്ബുക്കില്‍ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടനു വേണ്ടി രംഗത്തിറങ്ങിയ ആളുകള്‍ തന്നെയാണു ബിഷപ്പിനു വേണ്ടിയും രംഗത്തുള്ളത്. കുറ്റം തെളിയുന്നതുവരെ സംശയിക്കരുത്, കുറ്റപ്പെടുത്തരുത് എന്ന വാദം തന്നെ അവര്‍ ബിഷപ്പിനു വേണ്ടിയും ഉയര്‍ത്തുന്നു. ആക്രമിക്കപ്പെട്ട സ്ത്രീക്കു നീതി കിട്ടണം എന്ന ആവശ്യത്തെ കുറ്റാരോപിതനെ ക്രൂശിക്കലായി വ്യാഖ്യാനിക്കപ്പെടുന്നു. ലൈംഗികാതിക്രമത്തെ അതിജീവിച്ച സ്ത്രീയെ നിശ്ശബ്ദയാക്കാന്‍ അര്‍ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നു.
കെ.ആര്‍.മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിനിമാതാരങ്ങള്‍ക്കു പണവും പ്രശസ്തിയും ആരാധക വൃന്ദവുമുണ്ട്.
കന്യാസ്ത്രീകള്‍ക്കു വിധിച്ചിട്ടുള്ളത് മിണ്ടടക്കവും ആശയടക്കവുമാണ്. നിത്യമായ അടിമപ്പണി, ജോലിക്കു കൂലിയില്ലാത്ത അവസ്ഥ, മഠത്തില്‍ നിന്നു വിടുതല്‍ നേടിയാല്‍ കുടുംബത്തില്‍ പോലും സ്വീകരണം കിട്ടാത്ത സ്ഥിതി, പിന്നെ, നിരാലംബ വാര്‍ധക്യം.
എങ്കിലും, സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഒരു സംഘടന ഉണ്ടായാല്‍ അതിനെയും ഡബ്ല്യു.സി.സി. എന്നു തന്നെ വിളിക്കാം.
വിമന്‍ കളക്ടീവ് ഇന്‍ കാത്തലിക് ചര്‍ച്ച്.
സിനിമാനടി ആക്രമിക്കപ്പെട്ട സംഭവവും കന്യാസ്ത്രീ ആക്രമിക്കപ്പെട്ട കേസും തമ്മില്‍ സാദൃശ്യങ്ങള്‍ അത്രയേറെയാണ്.
വ്യക്തിപരമായ നഷ്ടങ്ങള്‍ അവഗണിച്ച് തങ്ങളിലൊരുവള്‍ക്കു നീതി കിട്ടുന്നതുവരെ സമരം തുടരാന്‍ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ പ്രകടിപ്പിക്കുന്ന നിശ്ചയദാര്‍ഢ്യമാണ് അവയില്‍ പ്രധാനം.
സിനിമയില്‍ എന്നതു പോലെ, സഭയിലും അവര്‍ എണ്ണത്തില്‍ കുറവാണ്. എതിര്‍പക്ഷത്തിന്റെ ആള്‍ബലമോ ധനബലമോ അധികാരബലമോ അവര്‍ക്കില്ല. പക്ഷേ, അവരും പുതിയൊരു ചരിത്രം സൃഷ്ടിക്കുന്നു.
സ്ത്രീകളോടുള്ള സമീപനത്തില്‍ മലയാള സിനിമാ താരങ്ങളുടെ സംഘടനയും കത്തോലിക്കാ സഭയും തമ്മിലുള്ള സാദൃശ്യങ്ങളും നിസ്സാരമല്ല.
നടി ആക്രമിക്കപ്പെട്ടപ്പോള്‍ എവ്വിധമാണോ സിനിമാതാര സംഘടന പ്രതികരിച്ചത്, അങ്ങനെ തന്നെയാണു കന്യാസ്ത്രീകളുടെ പരാതിയോട് സഭയുടെയും വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെയും പ്രതികരണം.
നടന്‍മാരില്‍ ഏതാണ്ട് എല്ലാവരും, പ്രത്യേകിച്ചും സൂപ്പര്‍ താരങ്ങള്‍, കനത്ത മൗനം പാലിക്കുകയും നടിമാരില്‍ ചിലര്‍ കുറ്റാരോപിതനായ നടനു വേണ്ടി രംഗത്തുവരികയും ചെയ്തതു പോലെ കന്യാസ്ത്രീയുടെ പരാതി സഭയും കേട്ടില്ലെന്നു നടിക്കുന്നു, അച്ചന്‍മാരും മറ്റു ബിഷപ്പുമാരും മൗനം പാലിക്കുന്നു, ചില കന്യാസ്ത്രീകള്‍ ബിഷപ്പിനെ അനുകൂലിച്ചു രംഗത്തു വരുന്നു.
കുറ്റാരോപിതനായ നടന്റെ പ്രതികരണവുമായി ബിഷപ്പിന്റെ പ്രതികരണത്തിനും സാദൃശ്യമുണ്ടാകുന്നു.
കഴിഞ്ഞില്ല- കുറ്റാരോപിതനായ നടനു വേണ്ടി രംഗത്തിറങ്ങിയ ആളുകള്‍ തന്നെയാണു ബിഷപ്പിനു വേണ്ടിയും രംഗത്തുള്ളത്. കുറ്റം തെളിയുന്നതുവരെ സംശയിക്കരുത്, കുറ്റപ്പെടുത്തരുത് എന്ന വാദം തന്നെ അവര്‍ ബിഷപ്പിനു വേണ്ടിയും ഉയര്‍ത്തുന്നു. ആക്രമിക്കപ്പെട്ട സ്ത്രീക്കു നീതി കിട്ടണം എന്ന ആവശ്യത്തെ കുറ്റാരോപിതനെ ക്രൂശിക്കലായി വ്യാഖ്യാനിക്കപ്പെടുന്നു. ലൈംഗികാതിക്രമത്തെ അതിജീവിച്ച സ്ത്രീയെ നിശ്ശബ്ദയാക്കാന്‍ അര്‍ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നു.
നടി ആക്രമിക്കപ്പെട്ടപ്പോള്‍, പീഡനം നേരിട്ട സ്ത്രീക്കു രണ്ടു ദിവസത്തേക്ക് എഴുന്നേറ്റു നടക്കാന്‍ സാധിക്കുമോ എന്ന സംശയം ഉന്നയിച്ച പുരുഷന്‍മാരെ ഓര്‍മ്മയില്ലേ? രണ്ടു ദിവസത്തിനു മുമ്പ് എഴുന്നേറ്റു നടന്നിട്ടുണ്ടെങ്കില്‍ പീഡനം നടന്നിട്ടില്ല എന്നായിരുന്നു ആ ചോദ്യത്തിന്റെ ധ്വനി. പക വീട്ടാന്‍ ഗൂഢാലോചന നടത്തി നഗരമദ്ധ്യത്തില്‍ വച്ച് തട്ടിക്കൊണ്ടുപോയി വാഹനത്തില്‍ വച്ച് ആക്രമിച്ചതിനെ മാത്രമല്ല, അതിക്രമത്തെ അതിജീവിച്ചവളെ പിന്തുണയ്ക്കാന്‍ സമൂഹത്തിനും സംഘടനയ്ക്കുമുള്ള ബാധ്യതയെക്കൂടി മായ്ച്ചു കളയുന്നതായിരുന്നു ആ ചോദ്യം.
കന്യാസ്ത്രീയുടെ കേസിലും അവര്‍ ഇതുപോലെ ഒരു ചോദ്യം ഉയര്‍ത്തുന്നു പതിമൂന്നു തവണ പീഡിപ്പിക്കപ്പെട്ടുവെങ്കിലും പന്ത്രണ്ടു തവണ എന്തു കൊണ്ടു പരാതിപ്പെട്ടില്ല ? പന്ത്രണ്ടു തവണ പരാതിപ്പെട്ടിട്ടില്ലെങ്കില്‍ ഇനിയും പരാതിപ്പെടാന്‍ അവകാശമില്ല എന്നാണ് ആ ചോദ്യത്തിന്റെ ധ്വനി. അതെ, നാലു വര്‍ഷമായി നീതിക്കു വേണ്ടി സഭയ്ക്കുള്ളില്‍ ഓരോ വാതില്‍ക്കലും മുട്ടി വിളിച്ച ഒരു സ്ത്രീ അനുഭവിച്ച നരകയാതനയെ മാത്രമല്ല, സ്വന്തം സഭയുടെ മാനം കാക്കാന്‍ ബിഷപ്പിനുള്ള ബാധ്യതയെക്കൂടി സമര്‍ത്ഥമായി മായ്ച്ചു കളയുന്ന ചോദ്യം.
രണ്ടു സംഭവങ്ങളിലും നിന്ന് പഠിക്കാനുള്ള പാഠം ഒന്നു തന്നെയാണ് :
ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവരും അവകാശങ്ങളെ കുറിച്ചു ബോധ്യമുള്ളവരുമായ സ്ത്രീകളെ- അവര്‍ കന്യാസ്ത്രീകളായാലും സിനിമാതാരങ്ങളായാലും വീട്ടമ്മമാരായാലും മലയാളികളില്‍ ആണ്‍പെണ്‍ ഭേദമെന്യെ ബഹുഭൂരിപക്ഷവും കഠിനമായി വെറുക്കുന്നു.
ചിലര്‍ക്ക്, അത് അറിവുകേടിന്റെയും അധികാരനഷ്ടത്തിന്റെയും അസഹ്യത മൂലമുള്ള വെറുപ്പാണ്.
മറ്റു ചിലര്‍ക്ക് അത് നിക്ഷിപ്തതാല്‍പര്യ സംരക്ഷണാര്‍ത്ഥമുള്ള വെറുപ്പാണ്.
സിനിമയിലായാലും സഭയിലായാലും സ്ത്രീ സമരം ചെയ്യുന്നത് ആ വെറുപ്പിനോടാണ്.
ഒരു വ്യത്യാസമേയുള്ളൂ ഈ രണ്ടു കേസുകളും തമ്മില്‍-
ആദ്യ കേസില്‍ പോലീസ് അതിജീവിച്ചവളോടൊപ്പം നിന്നു.
രണ്ടാമത്തെ കേസില്‍, അതിക്രമിയോടൊപ്പം നില്‍ക്കുന്നു.
ആദ്യ കേസില്‍ ഗവണ്‍മെന്റ് അദ്ഭുതപ്പെടുത്തിയിരുന്നു.
രണ്ടാമത്തെ കേസില്‍ ഗവണ്‍മെന്റ് നിരാശപ്പെടുത്തുന്നു.
ഒരേ സമയം അതിക്രമിയോടും അതിക്രമത്തിന്റെ മാനസികാഘാതത്തോടും വാദിയെ പ്രതിയാക്കുന്ന സഭയോടും കണ്ണടച്ച് ഇരുട്ടാക്കുന്ന സര്‍ക്കാരിനോടും സമരം ചെയ്യേണ്ടി വരുന്നതാണു കര്‍ത്താവിന്റെ മണവാട്ടിമാരുടെ ദുര്‍വിധി. സഭയിലെ വിമന്‍ കളക്ടീവിനെ കര്‍ത്താവു രക്ഷിക്കട്ടെ.
Leave a Comment