‘വേദനയുണ്ട് പിതാക്കന്മാരെ,നിങ്ങളാണ് നിങ്ങളുടെ അഹങ്കാരം നിറഞ്ഞ അധികാര ദുര്‍വിനിയോഗമാണ് സഭയെ തെരുവിലേക്ക് വലിച്ചിഴച്ചത്’ കെ.സി.ബി.സിയ്ക്ക് തുറന്ന കത്തുമായി എഴുത്തുകാരി

ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അതിരുകടന്നെന്ന കെ.സി.ബി.സിയുടെ വിലയിരുത്തല്‍ അത്യന്തം അധിക്ഷേപകരമാണെന്ന് എഴുത്തുകാരി ഡോ. റോസി തമ്പി. കന്യാസ്ത്രീകള്‍ അതിരു ലംഘിച്ചുവെന്നു പറയുന്ന ബഹുമാനപ്പെട്ട പിതാക്കന്മാര്‍ ബിഷപ്പ് ഫ്രാങ്കോ ഒരു അതിരും ലംഘിച്ചിട്ടില്ലേയെന്നു വ്യക്തമാക്കണമെന്ന് കെസിബിസിക്ക് എഴുതിയ തുറന്ന കത്തില്‍ ഡോ. റോസി തമ്പി ആവശ്യപ്പെട്ടു. സ്ത്രീയുടെ മാനത്തിന്റെ അതിരു നിശ്ചയിക്കുന്നത് കെ.സി.ബി.സി.യാണോയെന്ന് കത്തില്‍ ചോദിക്കുന്നു.

കെ.സി.ബി.സി.ക്ക് ഒരു തുറന്ന കത്ത്
ഡോ.റോസി തമ്പി

ബഹുമാനപ്പെട്ട പിതാക്കന്മാരേ, ഒരു കത്തോലിക്ക വിശ്വാസി എന്ന നിലയിലും സീറോ മലബാര്‍ സഭയിലെ അംഗം എന്ന നിലയിലും എനിക്കിത് ചോദിക്കാതിരിക്കാന്‍ കഴിയില്ല.

ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അതിരുകടന്നെന്ന കെ.സി.ബി.സിയുടെ വിലയിരുത്തല്‍ അത്യന്തം അധിക്ഷേപകരമാണ്.
1. ആരാണ് സഭയിലെ ഓരോ അംഗത്തിന്റെയും അതിരുകള്‍ നിശ്ചയിക്കുന്നത്?
2. സഭ എന്നാല്‍ മെത്രാന്‍ എന്നാണോ കാനോന്‍ നിയമം അനുശാസിക്കുന്നത്?
3. സഭയില്‍ ഒരു വിശ്വാസിയുടെ ഉത്തരവാദിത്വം കാനാന്‍ നിയമപ്രകാരം എന്താണ്?
4. നിതീക്കു വേണ്ടി നിലവിളിക്കുന്ന കന്യാസ്ത്രീകളും അവരെ അനുകൂലിക്കുന്നവരും ഏത് അതിരാണ് ലംഘിച്ചത്? അവര്‍ സഭയുടെ ഭാഗമല്ലേ?
5. സമരത്തിന്റെ അതിരാണെങ്കില്‍ അവര്‍ പിന്‍തുടരുന്നത് ഗാഗ്നിയന്‍ സമര രീതിയാണ് .
പൊതുമുതല്‍ നശിപ്പിക്കുക, ബസ്സിനു കല്ലെറിയുക ഇതൊന്നും അവര്‍ ചെയ്തിട്ടില്ല.
6. എന്താണ് പിതാക്കന്‍മാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തത് .അവര്‍ അനുഭവിച്ച പീഡനങ്ങള്‍ ഒന്നും പോര എന്നാണോ?
7. ക്ഷമയെ കുറിച്ചാണെങ്കില്‍ 75 ദിവസം ക്ഷമയോടെ കാത്തിരുന്നത് പോര എന്നാണോ?
& ഈ വിഷയത്തില്‍ ബിഷപ്പ് ഫ്രാങ്കോ ഒരു അതിരും ലംഘിച്ചിട്ടില്ലേ?
9. ബിഷപ്പ് ഫ്രാങ്കോ അധികാരത്തില്‍ നിന്ന് മാറി നില്‍ക്കണം എന്നു പറഞ്ഞ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സഭയിലെ അംഗമല്ലേ?
10. സ്ത്രീയുടെ മാനത്തിന്റെ അതിരു നിശ്ചയിക്കുന്നത് കെ.സി.ബി.സി.യാണോ?

വേദനയുണ്ട് പിതാക്കന്മാരെ ,നിങ്ങളാണ് നിങ്ങളുടെ അഹങ്കാരം നിറഞ്ഞ അധികാര ദുര്‍വിനിയോഗമാണ് സമീപകാലത്ത് സഭയെ ഇത്രമാത്രം അപമാനിതയാക്കി തെരുവിലേക്ക് വലിച്ചിഴച്ചത്.
അത്മായരോ, കേവലം മിണ്ടാപ്രാണികളായ കന്യാസ്ത്രീകളോ അല്ല. (സി.എം.സി.സന്യാസസഭയുടെ ഉന്നതാധികാരി സഭയിലെ കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ പിന്‍ തുണക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു.മറ്റു സന്യാസിസഭകളും ഉടനെ വിലക്ക് പുറപ്പെടുവിക്കും കാരണം അത്രക്ക് ഭയമാണവര്‍ക്ക് പിതാക്കന്മാരുടെ അധികാരത്തെ)
കുറ്റാരോപിതനായ വ്യക്തിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തുക എന്ന ജനാധിപത്യത്തിന്റെ ആദ്യ പാഠം പോലും കെ.സി.ബി.സി പുച്ഛിച്ചു തള്ളി. ഒരു രാജ്യത്തിന്റെ പരമോന്നത നീതീപിഠത്തെപോലും വെല്ലുവിളിക്കുകയും ഞങ്ങള്‍ രാജകുമാരന്‍മാരാണ് ഞങ്ങള്‍ക്ക് കാനോന്‍ നിയമമാണ് ബാധകം എന്നും പറയാന്‍ മാത്രം ധൈര്യമുള്ളവരാണല്ലോ ?
മറ്റ് ആരെങ്കിലും പറഞ്ഞാല്‍ രാജദ്രോഹമാകവുന്ന കാര്യം നിങ്ങള്‍ക്ക് ഭരണകൂടം ഇളച്ചു തന്നത് നിങ്ങളുടെ ശക്തിയും സ്വാധീനവും സമ്പത്തും ഭയന്നിട്ടു തന്നെ.ഈ കാര്യത്തിലും അതു തന്നെയാണ് സംഭവിക്കുക എന്ന് മൂക്ക് താഴോട്ടുള്ള എല്ലാവര്‍ക്കും മുന്‍ അനുഭവങ്ങള്‍ കൊണ്ട് അറിയാം .അതിന് പ്രാവചക വരമുള്ള ധ്യാനഗുരുക്കന്മാരൊന്നും ആകേണ്ടതില്ല.
എന്നാല്‍ ഒന്നുണ്ട് വലിയൊരു നിതീപിഠത്തെ നമുക്കൊക്കെ അഭിമുഖികരിക്കേണ്ടതുണ്ട്.നിങ്ങള്‍ സക്രാരിയില്‍ വെച്ച് പൂട്ടിപ്പോരുന്ന യേശുക്രിസ്തു ഉണ്ടല്ലേ? സ്വന്തം മതത്തിലെ തിന്മകള്‍ക്കെതിരെ ശബ്ദിച്ചതിന് പുരോഹിതര്‍ ആ നിതീ മാന്റെ രക്തം ഞങ്ങടെ മേലും ഞങ്ങടെ സന്തതികളുടെ മേലും പതിക്കട്ടെ എന്നു ആക്രോശിച്ച് മൂന്നാണികളില്‍ കുരിശില്‍തറച്ച് കൊന്നിട്ടും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ആ കരുണാമയനായ നീതീ മാന്റെ മുന്നില്‍ ധൈര്യപൂര്‍വ്വം തലയുയര്‍ത്തി നില്ക്കാം എന്ന ബോധ്യത്തോടെയാണ് ഞാന്‍ ഈ സമരത്തെ പിന്‍തുണക്കുന്നത്. സഭ പഠിപ്പിച്ചു തന്ന യേശുക്രിസ്തു തന്നെയാണ് എന്നെയും ഈ കന്യാസ്ത്രികളെയും അവരെ അനുകൂലിക്കുന്നവരെയും ധൈര്യപ്പെടുത്തുന്നത്. അവര്‍സഭയുടെ ശത്രുക്കളല്ല. സഭ യുഗാന്ത്യം വരെ പരിശുദ്ധയായി നില നില്‍ക്കണമെന്നും വാനമേഘങ്ങളില്‍ ഇറങ്ങി വരുന്ന തന്റെ നാഥനെ സകല ഐശ്വര്യത്തോടും കൂടി സ്വീകരിക്കാന്‍ കഴിയണം എന്നാഗ്രഹിക്കുന്ന സഭയുടെ യഥാര്‍ത്ഥ മിത്രങ്ങളാണ്. ആത്മവിമര്‍ശനമാണ് സഭക്ക് ഇക്കാലം വരെയും ശക്തി പകര്‍ന്നതെന്ന് സഭാ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
അനീതീക്കെതിരെ ശബ്ദിക്കുന്നവരെ പുറത്താക്കലല്ല ക്രിസ്ത്യാനിയുടെ നീതീ. ക്രിസ്തു തന്റെ മതത്തിലെ അനീതീകളോട് നിശബ്ദനായിരുന്നെങ്കില്‍ ലോകത്തില്‍ ക്രിസ്തുമതം തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ? ശിക്ഷണ നടപടികളല്ല സംവാദങ്ങളാണ് ഉണ്ടാകേണ്ടത്?
ആയതിനാല്‍ തങ്ങള്‍ക്കു പറ്റിയ തെറ്റ് ഈ വൈകിയ വേളയില്‍ തിരുത്തണമെന്നും ക്രിസ്തുവിന്റെ മണവാട്ടിയായ സഭയെ പൊതു സമൂഹത്തിന്റെ പരിഹാസ്യത്തില്‍ നിന്നു രക്ഷിക്കണമെന്നും നമ്മുടെ കര്‍ത്തവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ കെ.സി.ബി.സിയോട് അഭ്യര്‍ത്ഥിക്കുന്നു
എന്ന്
സ്നേഹാദരം
ക്രിസ്തു വിശ്വാസിയും സീറോ മലബാര്‍ സഭയിലെ അംഗവുമായ ഡോ.റോസിതമ്പി.

pathram desk 1:
Related Post
Leave a Comment