വത്തിക്കാന്‍ ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ ‘ഡൗണ്‍ ഫ്രാങ്കോ’ ക്യാമ്പയിനുമായി മലയാളികള്‍!!!

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം കരുത്താര്‍ജിക്കുന്നു. വത്തിക്കാന്‍ ന്യൂസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ ‘ഡൗണ്‍ ഫ്രാങ്കോ’ ക്യാമ്പയിന്‍ ആരംഭിച്ചു. ബിഷപ്പിനെ പുറത്താക്കണമെന്നാണ് ആവശ്യം. നിരവധി പേരാണ് ഈ ആവശ്യം ഉന്നയിച്ച് പേജില്‍ കമന്റുകള്‍ ഇടുന്നത്.

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ നീതി കിട്ടാന്‍ വത്തിക്കാന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കന്യാസ്ത്രീ ഏഴുപേജുള്ള കത്തെഴുതിയിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോയ്ക്കാണു പരാതിക്കാരിയായ കന്യാസ്ത്രീ കത്തെഴുതിയത്.

പരാതി പിന്‍വലിക്കുന്നതിനു 10 ഏക്കര്‍ സ്ഥലവും കാഞ്ഞിരപ്പള്ളിയില്‍ കോണ്‍വന്റും വൈദികന്‍ മുഖേന വാഗ്ദാനം ചെയ്തുവെന്ന ആരോപണങ്ങളും കത്തിലുണ്ട്. പണവും അധികാരവും ഉപയോഗിച്ചു തനിക്കെതിരായ പരാതി അട്ടിമറിക്കാന്‍ ബിഷപ് ശ്രമിച്ചു. അധികാരമുള്ള ഒരുപാടുപേരുടെ സമ്മര്‍ദങ്ങള്‍ക്കിടയില്‍ കേസ് പൊലീസ് ശരിയാംവണ്ണം അന്വേഷിക്കുന്നില്ല. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അടക്കം നേരിട്ടു കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. പരാതിയില്‍ സഭാ അധികൃതര്‍ നിഷ്‌ക്രിയത്വം കാട്ടിയെന്നും ആരോപണമുണ്ട്.

സഭ ബിഷപ്പുമാരെയും വൈദികരെയും കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നും കന്യാസ്ത്രീകള്‍ക്കും സ്ത്രീകള്‍ക്കും നീതി ലഭ്യമാക്കാന്‍ കാനോനിക നിയമത്തില്‍ എന്തെങ്കിലും വ്യവസ്ഥകളുണ്ടോയെന്നും കന്യാസ്ത്രീ ചോദിക്കുന്നു. സഭ ഇക്കാര്യത്തില്‍ വിഭാഗീയത കാട്ടുന്നതിന്റെ ഉദാഹരണങ്ങളും കത്തിലുണ്ട്. ബിഷപ്പിനെതിരായ പരാതി വ്യക്തമാക്കി നേരത്തെ ദിക്വാത്രോയ്ക്കു നല്‍കിയ കത്തിനു മറുപടിയുണ്ടായില്ലെന്നും പരാതിയുണ്ട്.

വ്യാജതെളിവുകളുണ്ടാക്കി ബന്ധുക്കള്‍ വഴിയും മറ്റും തനിക്കെതിരെ പരാതികൊടുക്കാനാണു ബിഷപ്പ് ശ്രമിക്കുന്നത്. തുടക്കം മുതല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, പരാതിപ്പെട്ടശേഷം നേരിട്ട മാനസിക സംഘര്‍ഷം എന്നിവയെക്കുറിച്ചെല്ലാം കത്തില്‍ വിശദമാക്കിയിട്ടുണ്ട്. നിശ്ശബ്ദത പാലിക്കുകയും കുറ്റം ചെയ്തയാളെ സംരക്ഷിക്കുകയും ചെയ്യുന്ന സഭാധികൃതരുടെ നടപടി സമൂഹത്തിനു മുന്നില്‍ സഭയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

pathram desk 1:
Related Post
Leave a Comment