എന്നെ ‘മാഡം’ ആക്കി ഒരു വാര്‍ത്താ ചാനല്‍ മാറ്റി, ആ പ്രയോഗം ദിലീപേട്ടന്റെ കേസുമായി ബന്ധപ്പെട്ട് എന്റെ കുടുംബത്തെ ബാധിച്ചു: നമിതാ പ്രമോദ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു വാക്കായിരുന്നു മാഡം എന്നത്. എന്നാല്‍ ദിലീപേട്ടന്റെ കേസുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്താ ചാനല്‍ എന്നെ ‘മാഡം’ ആക്കി മാറ്റിയെന്ന് നടി നമിത പ്രമോദ് പറഞ്ഞു. അന്ന് ഞാന്‍ പ്രിയന്‍ സാറിന്റെ തമിഴ് സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ആ പ്രയോഗം എന്നെ ബാധിച്ചില്ലെങ്കിലും കുടുംബത്തിന് അങ്ങനെ ആയിരുന്നില്ലെന്ന് നമിത അഭിപ്രായപ്പെട്ടു.

എന്റെ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടികളെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുമ്പോള്‍ അവരുടെ കുടുംബത്തെക്കുറിച്ച് കൂടി ചിന്തിക്കണമെന്നാണ് നമിതയുടെ പക്ഷം. ഈ വിവാദത്തില്‍ എന്റെ പേരുള്‍പ്പെട്ടതറിഞ്ഞ് അമ്മ ഒരുപാട് വേദനിച്ചു. ഇത്തരം കേസുമായി ബന്ധപ്പെട്ട് സ്വന്തം മകളുടെ പേര് വലിച്ചിഴയ്ക്കുമ്പോള്‍ അമ്മയ്ക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്ന പേടി ഓര്‍ത്തുനോക്കൂ. ഞങ്ങളുടേത് സാധാരണ കുടുംബമാണ് നമിത പറഞ്ഞു.

‘സാധാരണ വിവാദങ്ങളെ തള്ളിക്കളയുകയാണ് ചെയ്യാറുള്ളൂ. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അങ്ങനെയല്ല. ആരോ പറഞ്ഞാണ് ഈ വാര്‍ത്തയെക്കുറിച്ച് ഞാന്‍ അറിയുന്നത്. ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ മാധ്യമപ്രവര്‍ത്തകരും വിളിച്ചു. എന്നാല്‍ ഇതൊക്കെ വന്നതുപോലെ തന്നെ പെട്ടന്ന് പോകുകയും ചെയ്തു. ആളുകളും അത് അത്ര ചര്‍ച്ച ചെയ്തില്ല. എന്റെ പേര് അവിടെ എന്തിന് കൊണ്ടുവന്നുവെന്നതിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. അത് കഴിഞ്ഞാല്‍ മറ്റുകാര്യങ്ങളുമായി ഞാന്‍ മുന്നോട്ടു പോകും.’ നമിത പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

pathram desk 2:
Leave a Comment