ഇനിയിങ്ങനെ ഉണ്ടാവാന്‍ പാടില്ല; നമ്മള്‍ കരുതിയിരിക്കണം; ഏതു സ്ഥലത്തും സഞ്ചരിക്കാന്‍ കഴിയുന്ന അന്‍പതു വാഹനങ്ങള്‍; നൂറംഗ കരുതല്‍ സേന ഒരുങ്ങുന്നു; പ്രളയദുരന്തങ്ങള്‍ നേരിടാന്‍ അഗ്നിരക്ഷാ സേന

കൊച്ചി: കേരളത്തില്‍ അനുഭവപ്പെട്ട പ്രളയദുരന്തം ഏവര്‍ക്കും ഒരു പാഠമായെന്ന വിലയിരുത്തല്‍ ഉയര്‍ന്നുവന്നിരുന്നു. പല കാര്യങ്ങളും മലയാളികള്‍ പഠിച്ചു. എങ്ങിനെ ഒരു ദുരന്തത്തെ അതിജീവിക്കണം എന്നതുള്‍പ്പടെ. ഇപ്പോഴിതാ പ്രളയം പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ അഗ്നിരക്ഷാസേന പ്രത്യേക സേനാവിഭാഗത്തെ രൂപീകരിക്കാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അഗ്നിരക്ഷാസേന മേധാവി എ.ഹേമചന്ദ്രന്‍ ഐപിഎസ് സര്‍ക്കാരിന് കൈമാറി. ഇതിനായി 62.72 കോടിരൂപയുടെ ഉപകരണങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം, വെള്ളപൊക്കം, പ്രളയം, കെട്ടിടം തകര്‍ന്നു വീഴല്‍, വാതകചോര്‍ച്ച തുടങ്ങിയ സാഹചര്യങ്ങളെ നേരിടാന്‍ നൂറ് അംഗ കരുതല്‍ സേനയെ നിയമിക്കാനാണ് പദ്ധതി. ഇവര്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തും കമാന്‍ഡോ ഓപ്പറേഷന് പരിശീലനവും നല്‍കും. ആദ്യഘട്ടത്തില്‍ നൂറുപേര്‍ക്കാണ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിലേക്ക് പരിശീലനം നല്‍കുന്നതെങ്കിലും ഘട്ടംഘട്ടമായി സേനയുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. ഫയര്‍ഫോഴ്സ് ടെക്നിക്കല്‍ ഡയറക്ടര്‍ ആര്‍.പ്രസാദിനാണ് സേനാ രൂപീകരണത്തിന്റെ ചുമതല. ഭാവിയില്‍ എല്ലാ ജില്ലകളിലും പ്രത്യേക പരിശീലനം നേടിയ സേനാംഗങ്ങളെ ആധുനിക ഉപകരണങ്ങളോടൊപ്പം വിന്യസിക്കും. ഇവര്‍ക്ക് സഞ്ചരിക്കാനായി പ്രത്യേകം വാഹനങ്ങള്‍ ഏര്‍പ്പെടുത്തും.

ഫയര്‍ ഫോഴ്സിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ ജലത്തിലെ രക്ഷാപ്രവര്‍ത്തനത്തിനും സ്‌കൂബാ ഡൈവിങിനും പരിശീലനം നല്‍കണം. ഇതിനായി ഫോര്‍ട്ടു കൊച്ചിയിലെ പരിശീലനകേന്ദ്രം വികസിപ്പിക്കണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് ട്രെയ്നിങ് വാട്ടര്‍ റെസ്‌ക്യൂ എന്ന നിലയില്‍ സ്ഥാപനത്തെ ഉയര്‍ത്തണം. സംസ്ഥാനത്ത് സിവില്‍ ഡിഫന്‍സ് രൂപീകരിച്ച് കമ്മ്യൂണിറ്റി റെസ്‌ക്യൂ വൊളണ്ടിയര്‍ സര്‍വീസ് ശക്തിപ്പെടണം. ഇതിനായി മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍, നിര്‍മാണത്തൊഴിലാളികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി പദ്ധതിയുടെ ഭാഗമാക്കണം. അഗ്നിരക്ഷാസേനയില്‍ കൂടുതല്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരെ നിയമിക്കണമെന്നും അഗ്നിരക്ഷാസേന മേധാവി ആവശ്യപ്പെട്ടു.

ദുരന്തങ്ങള്‍ നേരിടാന്‍ അഗ്നിരക്ഷാ സേനയ്ക്ക് ഉപകരണങ്ങള്‍ കുറവാണ് എന്ന് പ്രളയത്തിന് ശേഷം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രളയ ദുരന്തത്തില്‍ അഗ്നിരക്ഷാസേനയ്ക്ക് ഏറ്റവും പ്രയോജനപ്പെട്ടത് റബര്‍ ഡിങ്കികളും സ്‌കൂബാ സെറ്റുകളുമാണെങ്കിലും വകുപ്പിന് റബര്‍ ഡിങ്കികളും സ്‌കൂബാ സെറ്റുകളും കുറവാണെന്നും ഈ ഉപകരണങ്ങള്‍ അപകട സ്ഥലത്തേക്ക് എത്തിക്കുന്നതിന് വാഹനങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏതു സ്ഥലത്തും സഞ്ചരിക്കാന്‍ കഴിയുന്ന അന്‍പതു വാഹനങ്ങള്‍, 375 സ്‌കൂബാ സെറ്റും ഡൈവിങ് സ്യൂട്ടും 30 ഫൈബര്‍ ബോട്ടും എന്‍ജിനും പ്രത്യേക സേനാവിഭാഗത്തിനു സഞ്ചരിക്കാന്‍ ആറ് വാഹനങ്ങള്‍, 100 ഹൈഡ്രോളിക് റെസ്‌കൂ ടൂള്‍ കിറ്റ്, ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ ആറ് വാഹനം, കോണ്‍ക്രീറ്റ് പൊട്ടിക്കുന്നതിനുള്ള 60 ചുറ്റിക, 80 റബര്‍ ഡിങ്കി ഔട്ട് ബോര്‍ഡ് എന്‍ജിന്‍ എന്നിവ അടിയന്തരമായി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

pathram:
Related Post
Leave a Comment