അപ്പാനി ശരത്തിന് പെണ്‍കുഞ്ഞ് പിറന്നു

അപ്പാനി ശരത്തിന്റെ ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഈ സന്തോഷ വാര്‍ത്ത ശരത് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്റെ ജനനം. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ശരത് പറയുകയുണ്ടായി. പ്രളയ ജലം താണ്ടിയെത്തിയ തന്റെ ജീവന് ‘അവന്തിക ശരത്’ എന്ന് പേരിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശരത് പറഞ്ഞു.

പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ അകപ്പെട്ടുപോയ ഭാര്യയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അപ്പാനി ശരത് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന വിഡിയോ വലിയ ചര്‍ച്ചയായിരുന്നു. ഷൂട്ടിങ്ങിനായി ചെന്നൈയിലെത്തിയ അപ്പാനിക്ക് ഇപ്പോള്‍ നാട്ടിലേക്കു വരാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഭാര്യ ഒന്‍പതു മാസം ഗര്‍ഭിണിയാണെന്നും, താന്‍ അടുത്തില്ല എന്ന വേദനയും അദ്ദേഹം പങ്കുവച്ചിരുന്നുപിന്നീട് ഭാര്യ സുരക്ഷിതയായിരിക്കുന്നു എന്ന വിവരവും ശരത് പങ്കുവച്ചു. തന്റെയും രേഷ്മയുടെയും വലിയ സ്വപ്നമായിരുന്നു കുഞ്ഞെന്നും അതിനെ തിരിച്ചു തന്നത് ഈ ജനങ്ങളാണെന്നും അപ്പാനി പറയുകയുണ്ടായി. ‘എന്നാലാവുന്നത് ഒരാള്‍ക്കെങ്കിലും ഉപകാരം ചെയ്യാനാകുന്ന എന്തെങ്കിലും എനിക്ക് ചെയ്യണം. ഇതൊന്നും പറഞ്ഞു ചെയ്യേണ്ടതല്ലെന്ന് എനിക്കറിയാം. പക്ഷെ ഞാന്‍ പറയുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞാനെന്റെ കുഞ്ഞിനോട് ചെയ്യുന്ന തെറ്റാകും അത്.’–ശരത് വിഡിയോയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍മാസമാണ് അപ്പാനിയും രേഷ്മയും വിവാഹിതരാകുന്നത്.

pathram:
Leave a Comment