കൊല്ലം: പത്തനാപുരത്ത് കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റ് അധികൃതരുടെ മൊഴി. സിസ്റ്റര്‍ സൂസന്‍ മാത്യുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും കോണ്‍വെന്റ് അധികൃതര്‍ മൊഴി നല്‍കി. കന്യാസ്ത്രീ രണ്ട് ആഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് കന്യാസ്ത്രീയുടെ മരണം നടന്നതെന്നാണ് സൂചന. മറ്റ് സിസ്റ്റര്‍മാര്‍ പ്രാര്‍ഥനയ്ക്ക് പോയ സമയത്താണ് മരണം.
അതേസമയം മഠത്തിലുള്ളവര്‍ നല്‍കിയ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിച്ച് മരണ കാരണം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. സിസ്റ്റര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന. തെളിവ് നശിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ നടപടികളും പൊലീസും എടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കന്യാസ്ത്രീയുടെ മൃതദേഹം കണ്ടത്. കോണ്‍വെന്റിനോട് ചേര്‍ന്ന കിണറിന് സമീപത്ത് രക്തപ്പാടുകള്‍ കണ്ട ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോളാണ് കിണറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും എത്തി പരിശോധിച്ചപ്പോളാണ് ഇത് സിസ്റ്റര്‍ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയില്‍ രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. രാവിലെ പ്രാര്‍ത്ഥനയ്ക്ക് വിളിച്ചപ്പോള്‍ സിസ്റ്റര്‍ സൂസന്‍ വരാന്‍ തയ്യാറിയില്ലെന്നും പിന്നീട് പ്രാര്‍ത്ഥന കഴിഞ്ഞ് വന്നപ്പോളാണ് മൃതദേഹം കണ്ടതെന്നുമാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. മുടി മുറിച്ച നിലയിലാണ് സൂസന്റെ മൃതദേഹം കണ്ടെത്തിയത്.
വിവാദങ്ങള്‍ ഉണ്ടാകാത്ത വിധം അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസിന് നല്‍കിയിട്ടുണ്ട്. കുര്‍ബാന രഹസ്യം ചോര്‍ത്തിയുള്ള പീഡനം ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏറെ തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീയുടെ കൊലപാതകമെത്തുന്നത്.
Leave a Comment