ജലന്ധര്‍ ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും; പ്രതിഷേധം ആളിക്കത്തുന്നു

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും. അതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കൂട്ട ഉപവാസം ആരംഭിച്ചു. പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഒപ്പം കുറുവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും ഹൈക്കോടതി ജങ്ഷനില്‍ നടക്കുന്ന ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യമായാണ് സഭയ്ക്കെതിരെ പ്രത്യക്ഷമായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് പേരും പ്രത്യക്ഷ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.

നീതി നിഷേധിക്കപ്പെട്ടതിനാലാണ് സമരത്തിനിറങ്ങിയത്. ആരും സംരക്ഷിക്കാനില്ല. ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചുനില്‍ക്കും. കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങളുള്ളതായും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് അവര്‍ ചോദിച്ചു. മൊഴി രേഖപ്പെടുത്തലല്ലാതെ കേസില്‍ ഒന്നും നടക്കുന്നില്ല. സഭയും സര്‍ക്കാരും ബിഷപ്പിനെ സംരക്ഷിക്കുന്നു. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും അവര്‍ പറഞ്ഞു.

അതേസമയം ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ പൊലീസിനെതിരെ വിഎസ് അച്ചുതാനന്ദന്‍ രംഗത്ത് വന്നു. എത്രയും പെട്ടെന്ന് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇതില്‍ പൊലീസ് കാലതാമസം വരുത്തരുതെന്ന് വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു.

നീതിക്കായി കന്യാസ്ത്രീകള്‍ പരസ്യമായി പ്രക്ഷോപത്തിനിറങ്ങേണ്ടി വന്നത് ഗൗരവതരമാണെന്നും ഇത്തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള കാര്യങ്ങള്‍ സഭതന്നെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. പീഡന പരാതി ലഭിച്ചിട്ടും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരുടെ ഭാഗത്തുനിന്നും പ്രത്യക്ഷത്തില്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ പ്രക്ഷോഭത്തിന് ഇറങ്ങിയതെന്നും വി.എസ് പറഞ്ഞു.

ഉന്നത സ്ഥാനത്തിരിക്കുന്ന, സ്വാധീനമുള്ള വ്യക്തിയാണ് കഴിഞ്ഞ രണ്ടര മാസമായി എല്ലാ അന്വേഷണ സംവിധാനങ്ങള്‍ക്കും മീതെ സ്വതന്ത്രനായി വിഹരിക്കുന്നതെന്നതിനാല്‍ ഇര അനുഭവിക്കുന്നത് വലിയ സമ്മര്‍ദ്ദമാണെന്നും വിഎസ് പറഞ്ഞു. അന്വേഷണ സംവിധാനങ്ങളിലേക്കും ഈ സമ്മര്‍ദ്ദം എത്തുന്നു എന്ന ധാരണ പരക്കാനിടയാക്കും വിധം പ്രതിയുടെ അറസ്റ്റും ചോദ്യം ചെയ്യലും നീണ്ടുപോവുകയാണ്. ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പൊലീസ് ഇനിയും കാലതാമസം വരുത്തിക്കൂടെന്നും വിഎസ് വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment