പാലക്കാട്ട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെയുള്ള ഡിവൈഎഫ്ഐ വനിത നേതാവിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ നേതൃത്വം പല പണികളും നോക്കി. എംഎല്‍എയ്ക്ക് എതിരെ നടപടിയെടുക്കുക എന്ന നിലപാടില്‍ യുവതി ഉറച്ചു നിന്നതോടെയാണ് പരാതി ഒതുക്കാന്‍ സാധിക്കാതിരുന്നത്. സിപിഎം ജില്ല നേതൃത്വത്തില്‍ നിന്നും ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നിന്നും അനുനയ ശ്രമമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പീഡന പരാതി സിപിഎമ്മില്‍ എത്തിയതോടെ എംഎല്‍എ വിശ്വസ്തരായ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ യോഗം വിളിച്ചു. തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പാര്‍ട്ടിയെ ബാധിക്കുന്ന ഈ പ്രശ്നത്തെ നേരിടണമെന്ന് നിര്‍ദേശവും നല്‍കി. പരാതിക്കാരിയെ നേരില്‍ കണ്ടു സമ്മര്‍ദം ചെലുത്തുന്നതിനു രണ്ടു മുതിര്‍ന്ന അംഗങ്ങളെ ചുമതലപ്പെത്തി. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് എത്തിയ ഇവരോട് ‘നിങ്ങളുടെ മക്കള്‍ക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കില്‍ എന്തായിരിക്കും പ്രതികരണം’ എന്നായിരുന്നു യുവതിയുടെ ചോദ്യം. ഇതോടെ ഒത്തുതീര്‍പ്പിന് എത്തിയവര്‍ പിന്‍വലിഞ്ഞു.
തുടര്‍ന്ന് അനുനയിപ്പിക്കാന്‍ ഡിവൈഎഫ്ഐ നേതാക്കള്‍ എത്തി. വിഷയം പുറത്തുവന്നാല്‍ പാര്‍ട്ടിക്ക് അപകീര്‍ത്തിയാകുമെന്നും പാര്‍ട്ടിക്കു പരുക്കേല്‍ക്കാതിരിക്കാന്‍ പിന്മാറണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ സമാനമായ പരാതിയില്‍ കണ്ണൂരിലെ നേതാവിനെതിരെ നടപടി ഉണ്ടായപ്പോള്‍ പാര്‍ട്ടിക്കൊന്നും സംഭവിച്ചില്ലല്ലോ എന്നായിരുന്നു യുവതിയുടെ മറുചോദ്യം. അനുനയത്തിനു ശ്രമിച്ച ജില്ലാ നേതാക്കളെ ഈ സമയത്തു മറ്റൊരു ഡിവൈഎഫ്ഐ നേതാവ് ഫോണില്‍ വിളിച്ച് ‘നിങ്ങളെ ആരാണ് ഇതിനു ചുമതലപ്പെടുത്തിയത്’ എന്നു ചോദിച്ചു ക്ഷോഭിച്ചു.
സംഭവം മാധ്യമങ്ങളിലൂടെ പുറത്തായതിന് ശേഷവും ഒത്തുതീര്‍പ്പിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. സഹകരണ സ്ഥാപനത്തില്‍ ജോലിയുള്ള വിശ്വസ്തനെ ഉപയോഗിച്ച് പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തന്റെ നിിപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യുവതി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയ യുവതി തന്റെ പാര്‍ട്ടി എംഎല്‍എയ്ക്കെതിരേ എന്ത് നടപടിയെടുക്കുമെന്ന് കാത്തിരിക്കുകയാണ്
Leave a Comment