ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തിയ സഞ്ജീവ് ഭട്ട് ഐപിഎസ് 22 വര്‍ഷം മുമ്പുള്ള കേസില്‍ അറസ്റ്റില്‍

ഗാന്ധിനഗര്‍: മോദി സര്‍ക്കാരിന്റെ വിമര്‍ശകനായ ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അറസ്റ്റില്‍. ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് കാട്ടിയാണ് നടപടി. 2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്നുകാട്ടി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് സഞ്ജീവ് ഭട്ട് ആയിരുന്നു.

കേസില്‍ ഭട്ടിനെയും ബനസ്‌കന്ദ പോലീസ് സ്റ്റേഷനിലെ ഏതാനും പോലീസുകാരും ഉള്‍പ്പെടെ മറ്റ് ഏഴു പേരെയുമാണ് സിഐഡി കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിനു ശേഷം ഭട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഡിജിപി ആശിഷ് ഭാട്ടിയ അറിയിച്ചു.

1996 ല്‍ ഭട്ട് ബനസ്‌കന്ദ ജില്ലയില്‍ എസ്പിയായിരുന്നു. ഈ കാലയളവില്‍ ബനസ്‌കന്ദ പോലീസ് ഒരു കിലോ മയക്കുമരുന്ന് കൈയില്‍ സൂക്ഷിച്ചെന്ന കുറ്റത്തിന് അഭിഭാഷകനായ സുമര്‍സിംഗ് രാജ്പുരോഹിതിനെ അറസ്റ്റ് ചെയ്തിരുന്നു. ലഹരിവസ്തുക്കള്‍ സുമര്‍സിംഗ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍നിന്നു കണ്ടെത്തിയെന്ന കേസിലായിരുന്നു അറസ്റ്റ്.

എന്നാല്‍ കേസ് വ്യാജമാണെന്നു രാജസ്ഥാന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. രാജസ്ഥാനിലെ വീട്ടില്‍നിന്നു സുമര്‍സിംഗിനെ പിടിച്ചുകൊണ്ടു പോകുകയായിരുന്നെന്നും കണ്ടെത്തി. കഴിഞ്ഞ ജൂണില്‍ കേസ് ഗുജറാത്ത് ഹൈക്കോടതി സിഐഡിക്ക് കൈമാറി ഉത്തരവിട്ടിരുന്നു. അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കേസിലാണ് ഭട്ടിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2002-ലെ ഗുജറാത്ത്കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നതരത്തില്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ഭട്ടായിരുന്നു. മോദി സര്‍ക്കാരിനെതിരെ കടുത്തവിമര്‍ശനം ഉന്നയിക്കുന്ന വ്യക്തികൂടിയായ അദ്ദേഹത്തെ, 2015ല്‍ പൊലീസ് സേനയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ അനുയായികളുള്ള ഭട്ട് നിരന്തരം ബിജെപി കേന്ദ്രങ്ങളെ വിമര്‍ശിക്കുന്നയാളാണ്.

pathram desk 2:
Related Post
Leave a Comment