പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി; വലുതും ചെറുതുമായ നഷ്ടങ്ങള്‍ സംഭവിച്ചവരെ ഒരുപോലെ കാണരുതെന്നും കോടതി

കൊച്ചി: പ്രളയദുരിതാശ്വാസം നല്‍കുന്ന കാര്യത്തില്‍ കൃത്യമായ മാനദണ്ഡം തീരുമാനിച്ച് അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. വലുതും ചെറുതുമായ നഷ്ടങ്ങള്‍ സംഭവിച്ചവരെ ഒരുപോലെ കാണരുത്. നാലുലക്ഷം രൂപ എന്നൊക്കെയുള്ള കണക്കില്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ശാസ്ത്രീയവും സുതാര്യവുമായി വേണം ദുരിതാശ്വാസം അനുവദിക്കാനെന്നും കോടതി നിര്‍ദേശിച്ചു. പ്രളയവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതി ഇടപെടല്‍.

മുന്‍ഗണനാക്രമം, നഷ്ടത്തിന്റെ തോത് എന്നിവ പരിഗണിച്ചു വേണം നഷ്ടപരിഹാരം നിശ്ചയിക്കാന്‍. വേണ്ടിവന്നാല്‍ പ്രളയത്തിനു മുന്‍പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ അടക്കമുള്ള പരിശോധിച്ചു ദുരന്തത്തിന്റെ തീവ്രതയും നഷ്ടത്തിന്റെ തോതും കണക്കാക്കാം. കാര്യക്ഷമമായ നടപടികള്‍ക്കു സര്‍ക്കാരിനെ സഹായിക്കുകയാണ് ഉദ്ദേശ്യമെന്നും കോടതി പറഞ്ഞു. അല്ലാത്തപക്ഷം പരാതികളുടെ ആരോപണങ്ങളുടെയും പ്രളയമാകും സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പ്രളയവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കോടതിയെ സഹായിക്കാന്‍ നിയോഗിച്ചിട്ടുള്ള അമിക്കസ് ക്യൂറിയുടെ ശുപാര്‍ശകളും പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. ദുരിതാശ്വാസവും പുനരധിവാസവും, നഷ്ടപരിഹാരം, ദുരന്തകാരണം, ഡാമുകളുടെ അറ്റകുറ്റപ്പണി അടക്കം ഇനി സ്വീകരിക്കേണ്ട നടപടികള്‍.. എന്നിങ്ങനെ തരംതിരിച്ചുവേണം കോടതിയുടെ മുന്നിലുള്ള ഹര്‍ജികള്‍ പരിഗണിക്കാനെന്നാണ് അമിക്കസ് ക്യൂറിയായ ജേക്കബ് പി. അലക്‌സിന്റെ ശുപാര്‍ശ. അതിനിടെ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം വെള്ളിയാഴ്ചയ്ക്കുമുമ്പ് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാണാതായവരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കാനാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം.

pathram:
Related Post
Leave a Comment