വാഹനാപകടത്തില്‍ ഹനാന് പരുക്ക്

കൊടുങ്ങല്ലൂര്‍: കോളജ് യൂണിഫോമില്‍ മീന്‍ വില്‍പന നടത്തി മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഹനാന് വാഹനാപകടത്തില്‍ പരുക്ക്. തിങ്കളാഴ്ച ഹനാന്‍ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഹനാനു നട്ടെല്ലിനു പരുക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരുക്കേറ്റു.

സ്റ്റേജ് ഷോ കഴിഞ്ഞു മടങ്ങും വഴിയാണ് കൊടുങ്ങല്ലൂരില്‍ അപകടമുണ്ടായത്. ഒരാള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ഒഴിവാക്കുന്നതിനു കാര്‍ വെട്ടിച്ചപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നെന്ന് ഹനാന്‍ പറഞ്ഞു. പരുക്കേറ്റ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീടു വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. അപകടത്തില്‍ ഹനാന്റെ കൈകളിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരുക്കുണ്ട്. കോഴിക്കോട് ഒരു പരിപാടിക്ക് ശേഷം എറണാകുളത്തേയ്ക്ക് മടങ്ങുകയായിരുന്നു ഹനാനും സുഹൃത്തുക്കളും.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടന്ന സംഘ പരിവാര്‍ ആക്രമണത്തില്‍ പോലീസില്‍ ഇന്ന് പരാതി നല്‍കാനിരിക്കുകയായിരുന്നു ഹനാന്‍. ഫെയ്സ്ബുക്കില്‍ സജീവമല്ലാത്ത ഹനാന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകളാണ് പ്രചരിക്കുന്നത്. ഇതില്‍ നിന്ന് മോദിക്കെതിരായ വിദ്വേഷ പോസ്റ്റുകള്‍ ചിലര്‍ പ്രചരിപ്പിച്ചു. ഇത് ഹനാന്‍ ആണെന്ന് പറഞ്ഞ് കുട്ടിക്കെതിരെ വലിയ അപവാദ പ്രചരണങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസമായി സംഘപരിവാര്‍, ബിജെപി പേജുകളിലൂടെ നടക്കുന്നത്. ഇത് തന്റെ പേജല്ലെന്ന് ഹനാന്‍ വ്യക്തമാക്കിയിരുന്നു.

pathram:
Related Post
Leave a Comment