നാലാഴ്ചക്കകം 85.50 ലക്ഷം രൂപ കെട്ടിവയ്ക്കണം; നടന്‍ ചിമ്പുവിനെതിരെ കോടതി നടപടി

പ്രതിഫലം വാങ്ങിയ ശേഷം സിനിമയില്‍ അഭിനയിച്ചില്ലെന്ന കേസില്‍ തമിഴ് നടന്‍ ചിമ്പുവിനെതിരെ കോടതി. കേസില്‍ നാലാഴ്ചക്കകം 85.50 ലക്ഷം രൂപ സെക്യൂരിറ്റി തുകയായി കെട്ടിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അല്ലാത്ത പക്ഷം ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്നും കോടതി വ്യക്തമാക്കി. അരസന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ചിമ്പു നിര്‍മ്മാതാക്കളായ പാഷന്‍ മൂവി മേക്കേഴ്സില്‍ നിന്ന് 50 ലക്ഷം മുന്‍കൂറായി വാങ്ങിയിരുന്നു.

എന്നാല്‍ ചിത്രവുമായി പിന്നീട് സഹകരിക്കാന്‍ താരം തയ്യാറായിരുന്നില്ല. തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ പരാതിയുമായി മുന്നോട്ട് പോവുകയായിരുന്നു. ചിമ്പുവിന്റെ നടപടി തങ്ങള്‍ക്ക് വന്‍ നഷ്ടമാണ് വരുത്തിവെച്ചതെന്നും പരാതിയില്‍ പറയുന്നു. ഒരു കോടിയാണ് ചിമ്പുവിന് പ്രതിഫലം പറഞ്ഞിരുന്നത്. അഡ്വാന്‍സ് തുകയായ 50 ലക്ഷവും അതിന്റെ പലിശയും ചേര്‍ത്ത തുകയാണ് അടയ്ക്കേണ്ടത്. തുക അടയ്ക്കാതിരുന്നാല്‍ നടന്റെ ഉടമസ്ഥതയിലുള്ള കാറും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ കണ്ടുകെട്ടുമെന്നും കോടതി പറഞ്ഞു.

അതേസമയം കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ചിമ്പുവിനായില്ല. എന്നാല്‍ അഡ്വാന്‍സ് വാങ്ങിയതായി സമ്മതിച്ച ചിമ്പു, ചിത്രം പറഞ്ഞ സമയത്തു തുടങ്ങാതിരുന്നതിന് നിര്‍മ്മാതാക്കള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment