തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ ഭിന്നിപ്പിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കേരള പോലീസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ തമിഴ് യുവാവും മലയാളി യുവതിയും തമ്മിലുള്ള പ്രതികരണങ്ങള്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേരള പോലീസിന്റെ അഭ്യര്‍ത്ഥന. വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ മലയാളി യുവതിയും തമിഴ് യുവാവും നടത്തിയ പ്രചരണങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പിന്നീട് തമിഴ്നാട് വിരുദ്ധ സന്ദേശങ്ങളായും ആഹ്വാനങ്ങളായും മാറിയിരുന്നു.
‘അവരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രശ്നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചുംകൊണ്ടുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ അപരിഷ്‌കൃതവും അവിവേകവുമാണ്.’ കേരള പോലീസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇത്തരം വിഷയങ്ങളില്‍ ജാഗ്രതയോടെ പെരുമാറണമെന്നും ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കരുതെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Leave a Comment