തിരുവനന്തപുരം: പ്രളയ സഹായധനത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരേ പുതിയ നീക്കവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മാറ്റി പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണര്‍ പി.സദാശിവത്തിന് നിവേദനം നല്കി. ലോകത്തിന്റെ എല്ലാഭാഗത്തും നിന്നും ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാരിന് ലഭിക്കുന്ന പണം പോകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്. ഇതു വകമാറ്റി ചെലവഴിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. രാഷ്ട്രീയ പരിഗണനയില്ലാതെയും വിവേചനമില്ലാതെയും ഫണ്ട് വിനിയോഗിക്കപ്പെടണം. അതിനുവേണ്ടി പ്രളയ ദുരിതാശ്വാസ ഫണ്ട് പ്രത്യേക അക്കൗണ്ടാക്കി മാറ്റണം.
മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നു വിട്ടതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി വസ്തുതകള്‍ വെളിച്ചത്തു കൊണ്ടു വരണം. കാലേകൂട്ടി അണക്കെട്ടുകള്‍ ക്രമമായി തുറന്ന് ജലവിതാനം നിയന്ത്രിക്കാതെ എല്ലാം ഒന്നിച്ചു തുറന്നു വിട്ടതാണ് പ്രളയത്തിനിടയാക്കിയത്. അണക്കെട്ടുകള്‍ തുറന്നു വിടുന്നതിനു മുന്‍പ് വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിലും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിലും സര്‍ക്കാരിന്റെ വന്‍ വീഴ്ചയാണ് ഉണ്ടായത്. ഇതിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ജൂഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്.
പ്രളയ ദുരന്തബാധിതര്‍ക്കു മതിയായ നഷ്ടപരിഹാരം ഉറപ്പ് നല്‍കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ട്രിബ്യുണല്‍ രൂപീകരിക്കണം. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ദുരന്ത നിവാരണ വകുപ്പ് വലിയ പരാജയമാണ്. അത് ഉടന്‍ പുനഃസംഘടിപ്പിച്ച് കാര്യക്ഷമമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞതിനാലാണ് സംസ്ഥാന ഭരണത്തലവന് എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയതെന്നു രാജ്ഭവനിലെത്തിയ മാധ്യമങ്ങളോടു ചെന്നിത്തല പറഞ്ഞു.
Leave a Comment