കാസര്‍കോട്: ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം ഒളിച്ചോട്ടമെന്ന് പൊലീസ്. കാണാതായ 22കാരിയായ യുവതി, മൂന്നു വയസുള്ള മകന്‍ എന്നിവരെ കാമുകനോടൊപ്പം കോഴിക്കോട് റെയില്‍വേ പൊലീസ് പിടികൂടി. ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനാണ് തട്ടിക്കൊണ്ടുപോകുന്നതായി യുവതി പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെ യുവതിയേയും മകനെയും വീട്ടില്‍ നിന്നും ഒരുസംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. അക്രമിസംഘം വീട്ടിലെത്തിയ വിവരം യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. വീട്ടില്‍ ഒരു സംഘമെത്തിയെന്നും അവര്‍ തങ്ങളെ ഉപദ്രവിക്കുന്നെന്നുമായിരുന്നു ഫോണിലൂടെ യുവതി പറഞ്ഞത്. ഭര്‍ത്താവ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. സംഭവത്തില്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയും കാമുകനും റെയില്‍വേ പൊലീസിന്റെ പിടിയിലാകുന്നത്.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും യുവതിയുടെ ഭര്‍ത്താവും വീട്ടിലെത്തിയിരുന്നു. കോട്ടയം സ്വദേശിനിയായ യുവതിയുടേത് പ്രണയ വിവാഹമായിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിലാണ് ആ ‘തട്ടിക്കൊണ്ടു പോകല്‍’ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പമുള്ള ഒളിച്ചോട്ട നാടകമായിരുന്നെന്നു കണ്ടെത്തിയത്. യുവതിയെയും കാമുകനെയും കുട്ടിക്കൊപ്പം പോലിസ് കോഴിക്കോട് നിന്നും പിടികൂടുകയായിരുന്നു. ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്രതുടരവേ നാടകം പൊളിച്ചത് ചിറ്റാരിക്കല്‍ പൊലീസിന്റെ ഇടപെടല്‍ കൊണ്ടാണ്. തട്ടിക്കൊണ്ടു പോകല്‍ എല്ലാരെയും വിശ്വസിപ്പിക്കാനായിരുന്നുവെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.
Leave a Comment