ഇന്നലെ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക….

തിരുവനന്തപുരം: പ്രളയദുരിതം നേരിടുന്ന കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മികച്ച രീതിയിലുള്ള സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപ. ഇലക്ട്രോണിക്‌സ് പേയ്‌മെന്റിലൂടെ 145.17 കോടി, യുപിഐ/ക്യുആര്‍/വിപിഎ വഴി 46.04 കോടി, പണം/ചെക്ക്/ആര്‍ടിജിഎസ് വഴി 835.86 കോടിയുമാണ് ഇതുവരെ ലഭിച്ചത്.

ദുരിതാശ്വാസ നിധിയിലേക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടി രൂപ നല്‍കി. ചെയര്‍പേഴ്‌സന്‍ നിത അംബാനി മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. ഇന്ത്യന്‍ നേവി 8.92 കോടി രൂപ സംഭാവന നല്‍കി. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലന്‍ബ മുഖ്യമന്ത്രിക്കു ചെക്ക് കൈമാറി.

അതിനിടെ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ കരകയറ്റാന്‍ അടിയന്തര സഹായമായി ഒരു കുടുംബത്തിന് അനുവദിച്ച 10000 രൂപ വിതരണം ചെയ്തു തുടങ്ങി. പാലക്കാട്ടുളള 1600 പേരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മറ്റുളളവര്‍ക്കും തുക കൈമാറുമെന്ന് റവന്യൂവകുപ്പ് അറിയിച്ചു.

ദുരിതബാധിതരുടെ അക്കൗണ്ടിലേയ്ക്ക് പണം കൈമാറാന്‍ കലക്ടര്‍മാര്‍ക്ക് 242.73 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. നാലുലക്ഷത്തോളം പേര്‍ക്കാണ് അടിയന്തര ധനസഹായം ലഭിക്കുക. നിലവില്‍ 59,000ത്തിലേറെ പേരാണ് 305 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. വെളളം വറ്റിയെങ്കിലും വീടുകള്‍ ഇപ്പോഴും വാസയോഗ്യമല്ലാത്ത കാരണത്താലാണ് ഇവര്‍ ക്യാമ്പുകളില്‍ തന്നെ കഴിയുന്നത്.

അതേസമയം ലക്ഷകണക്കിന് ആളുകള്‍ തിരിച്ചുവീടുകളില്‍ എത്തികഴിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇവര്‍ക്ക് സംഭവിച്ചിരിക്കുന്നത്. ഇവരുടെ വിവരശേഖരണമാണ് പുരോഗമിക്കുന്നത്. ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും മറ്റുളളവരുടെ വീടുകളില്‍ പോയി വിവരം ശേഖരിച്ചുമാണ് അടിയന്തരധനസഹായം നല്‍കുന്നത്.

pathram:
Related Post
Leave a Comment