‘ആടിനെ പട്ടിയാക്കുന്ന സമീപനമാണ് കെ എം മാണി സ്വീകരിക്കുന്നത്,ഇത്തരം തരംതാഴ്ന്ന നിലയില്‍ അഭിപ്രായപ്രകടനം നടത്തരുതെന്ന്’ പിണറായി വിജയന്‍

തിരുവനന്തപുരം: ഇടുക്കിയില്‍ അപകടസാധ്യത മേഖലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് കെ എം മാണി സ്വീകരിക്കുന്നതെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ തരംതാഴ്ന്ന നിലയില്‍ അഭിപ്രായപ്രകടനം നടത്തരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേകം വിളിച്ചുകൂട്ടിയ നിയമസഭ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നതിന് ഇടയിലാണ് കെ എം മാണി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്നത്. ഇടുക്കിയില്‍ മുഴുവന്‍ ഉരുള്‍പൊട്ടല്‍ ആണ്. അതുകൊണ്ട് എല്ലാവരും ജില്ല ഒഴിഞ്ഞുപോകണമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്ന് കെ എം മാണി കുറ്റപ്പെടുത്തി. ഈ അവസരത്തിലാണ് പിണറായി വിജയന്‍ കെ എം മാണിക്ക് മറുപടി നല്‍കിയത്. ഇടുക്കി ജില്ലയിലെ മുഴുവന്‍ പേരെയും ഒഴിപ്പിക്കാന്‍ പോകുന്നുവെന്ന ഭീതി സൃഷ്ടിക്കാനാണ് മാണി ശ്രമിക്കുന്നതെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

മനുഷ്യരുടെ ജീവനാണ് വില നല്‍കുന്നത്. ഇനി ഇത്തരത്തിലുളള അപകടങ്ങളിലേക്ക് ജനങ്ങളെ വലിച്ചെറിയാന്‍ കഴിയുകയില്ല. അതിനാല്‍ അപകടസാധ്യത മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റി സുരക്ഷിത കേന്ദ്രങ്ങളില്‍ പുനരധിവസിപ്പിക്കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. എന്ന് കരുതി ഇടുക്കി ജില്ലയിലെ മുഴുവന്‍ പേരെയും ഒഴിപ്പിക്കുമെന്ന നിലയില്‍ വ്യാഖ്യാനിക്കേണ്ടതില്ല. വിദഗ്ധരെ ഉപയോഗപ്പെടുത്തി ശാസ്ത്രീയപഠനം നടത്തിയ ശേഷം മാത്രമേ ഇത്തരത്തിലുളള നടപടികള്‍ സ്വീകരിക്കുകയുളളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായോഗിക തലത്തിലുളള നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇടുക്കിയിലെ അപകടസാധ്യത മേഖലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ച് മറ്റു സുരക്ഷിത കേന്ദ്രങ്ങളില്‍ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തുവന്നതായി ഇരുവരുടെയും വാദപ്രതിവാദങ്ങള്‍ക്കിടയില്‍ പ്രതിപക്ഷനേതാവ് രമേശ ചെന്നിത്തല ചൂണ്ടിക്കാണിച്ചു. ഇതിനെ അടിസ്ഥാനമാക്കിയാണ് കെ എം മാണി സംസാരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

pathram desk 2:
Related Post
Leave a Comment