‘ആടു ജീവിതം’ ഇനിയും വൈകും, കാരണം ഇതാണ്…; സംവിധായകന്‍ ബ്ലെസി

പൃഥ്വിരാജ് ചിത്രം ആടു ജീവിതം ഇനിയും വൈകുമെന്ന് സംവിധായകന്‍ ബ്ലെസി. ‘2019ല്‍ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ചിത്രം റിലീസ് ചെയ്യാന്‍ കാലതാമസമുണ്ടാകുമെന്ന് ഐഎഎന്‍എസുമായുള്ള അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു. ചിത്രമൊരുങ്ങുന്നത് വലിയ ക്യാന്‍വാസിലാണ്. നാട്ടിലെ സീനുകള്‍ എല്ലാം പൂര്‍ത്തിയായി. അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്.

കുറച്ച് ലൊക്കേഷനുകള്‍ ഞങ്ങള്‍ പരിഗണിച്ചുവരുന്നുണ്ട് അതിലൊന്നാണ് മൊറാക്കോ. ഷൂട്ടിംഗിനായിട്ടല്ല സിനിമ വൈകുന്നത്. പ്ലാനിംഗിനെടുക്കുന്ന സമയം മൂലമാണിത്. കാലാവസ്ഥാപരമായ ഘടകങ്ങള്‍ക്കും തിരക്കഥയില്‍ നല്ല റോളുണ്ട്. തെറ്റുകളില്ലാതെ വേണം ഓരോ ഷോട്ടും എന്നതിനാല്‍ കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. ബ്ലസി പറയുന്നു.

മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് റിപ്പോര്‍ട്ട്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ അമലാപോളും അഭിനയിക്കുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment