യുഎഇ വാഗ്ദാനം ചെയ്ത 700 കോടി യൂസഫലി നല്‍കുമോ…? സത്യാവസ്ഥ ഇതാണ്

ദുബായ്: യുഎഇ ഭരണകൂടം പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പ്രഖ്യാപിച്ച 700 കോടിരൂപയുടെ സഹായം ഇന്ത്യന്‍ സര്‍ക്കാരിന് വാങ്ങാന്‍ നിയമതടസമുണ്ടെങ്കില്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം.എ. യൂസഫലി അത് കൊടുക്കുമെന്ന രീതിയിലുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അറിയിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമാണ് ഇക്കാര്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

കേരളത്തിന് 700 കോടി രൂപയുടെ ധനസഹായം അനുവദിച്ച കാര്യം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈദ് ആശംസ അറിയിക്കാന്‍ ചെന്ന വ്യവസായി എം.എ യൂസഫലിയെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഇക്കാര്യം അറിയിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍, സഹായിക്കാനുള്ള താല്‍പര്യം അറിയിച്ച യുഎഇ ഭരണാധികാരിയോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു സഹായം നിരസിച്ചെന്നാണു സൂചന. ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. വിദേശരാജ്യങ്ങളില്‍നിന്നു ദുരിതാശ്വാസ സഹായം സ്വീകരിക്കാന്‍ വ്യവസ്ഥകളുണ്ടെന്നാണു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞത്. സംസ്ഥാനം നേരിട്ടല്ല പണം സ്വീകരിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളില്‍നിന്നു പണം സ്വീകരിക്കാമെന്നു കേന്ദ്രമാണു തീരുമാനമെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് യുഎഇയുടെ സാമ്പത്തിക സഹായം പ്രമുഖ വ്യവസായി യൂസഫലി നല്‍കുമെന്ന രീതിയില്‍ തെറ്റായി പ്രചരണം നടന്നത്.

pathram:
Leave a Comment