യുഎഇ തരുമെന്ന് പറഞ്ഞ ‘ഈ 700 കോടി ആരുടെ നിര്‍മ്മിതി’…… പിടികിട്ടാതെ കേന്ദ്രവും

ന്യൂഡല്‍ഹി: യുഎഇ സഹായം 700 കോടിയാണെന്ന് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം. സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തുക എത്രയാണെന്ന് അറിയിച്ചിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 700 കോടി നല്‍കുന്നതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് യുഎഇ വ്യക്തമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ വിശദീകരണം.

കേരളത്തിനുവേണ്ട ദുരിതാശ്വാസ സഹായം വിലയിരുത്തുകയാണെന്നും പ്രഖ്യാപനങ്ങളില്ലെന്നും ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്നയാണ് അറിയിച്ചത്. ധനസഹായം കൂടാതെ മരുന്നുകളും മറ്റു സഹായങ്ങളും എത്തിക്കാനാണു ശ്രമം. ദുരിതാശ്വാസ കാര്യങ്ങള്‍ക്കായി സമിതി രൂപീകരിച്ചിട്ടുണ്ട്. വിവിധ സംഘടനകളുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും യുഎഇ സ്ഥാനപതി അറിയിച്ചിരുന്നു. അബുദാബി രാജകുമാരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 700 കോടി രൂപയുടെ സഹായധനം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം അറിയിച്ചത്.

അതിനിടെ, കേരളത്തിന് വിദേശസഹായം ലഭിക്കാന്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ പറഞ്ഞു. തടസ്സങ്ങള്‍ നീക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടും. കേരളത്തോട് കേന്ദ്രത്തിനു വിവേചനമില്ല. കൂടുതല്‍ കേന്ദ്രസഹായം പരിഗണിക്കുമെന്നും രാംദാസ് അതാവലെ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment