കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന, മുന്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ഇന്റലിജന്‍സ് എസ്പി ആയാണ് നിയമനം. കസ്റ്റഡി മരണത്തില്‍ എവി ജോര്‍ജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസില്‍ തിരിച്ചെടുത്തിരിക്കുന്നത്. അതേസമയം ജോര്‍ജിന് എതിരായ വകുപ്പുതല അന്വേഷണം തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എവി ജോര്‍ജിന് വീഴ്ച പറ്റിയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തത്.
എവി ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫില്‍ അംഗങ്ങളായ പൊലീസുകാരാണ് വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികള്‍. ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആര്‍ടിഎഫിനെ രൂപീകരിച്ച് ക്രിമിനല്‍ കേസുകളില്‍ ഇടപെട്ടത് ശരിയായ നടപടിയല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു.
Leave a Comment