തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. ഇന്ന് ഉത്രാടം,നാളെ തിരുവോണം, 26-ന് ഞായറാഴ്ച, 27-ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടര്‍ച്ചായി നാലുദിവസം അവധി വരുന്നത്. തുടര്‍ച്ചയായി അവധി വരുമ്പോള്‍ എടിഎമ്മുകള്‍ കാലിയാകുന്നത് സ്ഥിരം സംഭവമാണ്. പ്രളയക്കെടുതിക്ക് പിന്നാലെ, എടിഎമ്മുകളില്‍ പണം തീരുന്നതും ഏറെ ബുദ്ധിമുട്ടിലാക്കിയേക്കുമെന്ന ആശങ്കയിലാണ് ജനം.
അതേസമയം ആശങ്ക വേണ്ടെന്നും, എടിഎമ്മുകളില്‍ ആവശ്യാനുസരണം പണം നിറയ്ക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിര്‍ദേശം നല്‍കിയതായി സമിതി കണ്‍വീനര്‍ ജി.കെ. മായ അറിയിച്ചു. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പലയിടത്തും റോഡുകള്‍ തകര്‍ന്നതും, വെള്ളം കയറിക്കിടക്കുന്ന ഉള്‍പ്രദേശങ്ങളിലും പണം ലഭ്യമാക്കുക പ്രയാസകരമാണ്. പ്രളയത്തില്‍ 423 എ.ടി.എമ്മുകളാണ് പ്രവര്‍ത്തനരഹിതമായത്.
എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കാത്ത സ്ഥലങ്ങളില്‍ പണം തീരുന്ന സാഹചര്യം ഉണ്ടായാല്‍ പണമെടുക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പെട്രോള്‍ പമ്പുകളിലും കടകളിലും എസ്.ബി.ഐ.യുടെ പി.ഒ.എസ്. മെഷീന്‍ ഉണ്ടെങ്കില്‍ അക്കൗണ്ട് ഉടമകള്‍ക്ക് സൈ്വപ്പ് ചെയ്ത് ദിവസം 2000 രൂപവരെ പിന്‍വലിക്കാം. ഈ പണം കടയുടമകള്‍ അവര്‍ക്ക് നല്‍കും. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.
എ.ടി.എമ്മുകളില്‍ പണം ഉറപ്പാക്കുന്നതിനുവേണ്ടി 45 കാഷ് ചെസ്റ്റുകളും 600 ശാഖകളും അവധി ദിവസങ്ങളായ ഇന്നും ഞായറാഴ്ചയും പ്രവര്‍ത്തിക്കാനും എസ്.ബി.ഐ. നിര്‍ദേശിച്ചിട്ടുണ്ട്. ഈ ശാഖകളില്‍ മറ്റ് ഇടപാടുകള്‍ ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
Leave a Comment