പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പോലീസ് സ്‌റ്റേഷനിലെ 50 ശതമാനം ഉദ്യോഗസ്ഥരും പങ്കാളികളാകണം; നിര്‍ദ്ദേശവുമായി ഡി.ജി.പി

തിരുവനന്തപുരം: കേരളത്തില്‍ പ്രളയം നേരിട്ട പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പോലീസ് പങ്കാളികളാകണമെന്ന നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഓരോ പൊലീസ് സ്റ്റേഷനുകളിലേയും 50 ശതമാനം ഉദ്യോഗസ്ഥരെങ്കിലും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് ബെഹ്റ വ്യക്തമാക്കി. പുനരധിവാസം, ശുചീകരണം, മെഡിക്കല്‍ ക്യാംപകളുടെ നടത്തിപ്പ് എന്നിവയിലും പങ്കാളികളാകണമെന്ന് ബെഹ്റ കൂട്ടിച്ചേര്‍ത്തു.

പുതിയതായി നിയമനത്തില്‍ വന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ബറ്റാലിയനില്‍ നിന്നുള്ള ക്രമസമാധാന ചുമതല ഇല്ലാത്തവരെയും പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കാം. പ്രത്യേക വാര്‍ഡോ പ്രദേശമോ കേന്ദ്രീകരിച്ചായിരിക്കണം ഇവരുടെ പ്രവര്‍ത്തനം. പ്രത്യേക യൂണിറ്റുകളില്‍ ഉള്ളവരും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവണം. റവന്യൂ വകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍, ദുരന്തനിവാരണ അതോറിറ്റി തുടങ്ങി മറ്റു വകുപ്പുകളും ഏജന്‍സികളുമായി സഹകരിച്ചായിരിക്കണം ഈ പ്രവര്‍ത്തനം. പൊതുവായി സമാഹരിക്കുന്ന ശുചീകരണ ഉപകരണങ്ങളും ആവശ്യമായ സാധനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തണം. ഡിജിപി പറഞ്ഞു.

സംസ്ഥാനത്ത് ദുരിത ബാധിതര്‍ താമസിക്കുന്ന ക്യാംപുകളില്‍ ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. എല്ലാ ക്യാംപുകളിലും ആവശ്യത്തിനു പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം. ദുരിതബാധിതരായ ആളുകളെയാവണം ക്യാംപുകളില്‍ താമസിപ്പിക്കേണ്ടത്. ക്യാംപില്‍ അംഗങ്ങളല്ലാത്തവരെ അനുവാദമില്ലാതെ ഉള്ളില്‍ പ്രവേശിപ്പിക്കുകയില്ല. ക്യാംപുകളിലും പരിസരപ്രദേശങ്ങളും ലോക്കല്‍ പൊലീസ് ഗ്രൂപ്പ് പട്രോളിങ് നടത്തണംമെന്നും ഡിജിപി പറഞ്ഞു.

പുറത്തുനിന്ന് ക്യാംപിലേക്കുള്ള വിവിധ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും ബന്ധപ്പെട്ട ചാര്‍ജ് ഓഫിസര്‍ വഴി നല്‍കണം. ക്യാംപിനുള്ളിലെ എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ചുമതലയുള്ള ഓഫിസര്‍മാരുടെ നേതൃത്വത്തിലാവണം. അന്തേവാസികളുടെ സ്വകാര്യത ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാംപിനുള്ളിലും പുറത്തും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാഹചര്യം ഒഴിവാക്കണം. പൊലീസ് ക്യാംപുകളില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

pathram desk 1:
Related Post
Leave a Comment