കേന്ദ്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രം കേസരി, വിവാദമായപ്പോള്‍ മുഖപ്രസംഗം നീക്കി:വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

കൊച്ചി: പ്രളയം ദുരിതത്തിലാക്കിയ കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന രാഷ്ട്രീയ വൈര്യത്തിന്റെ ഭാഗമെന്ന് തുറന്നടിച്ച്ആര്‍എസ്എസ് മുഖപത്രം കേസരി. ഇത്രയും നാളും നമ്മള്‍ വിശ്വസിച്ച പ്രസ്ഥാനം നമ്മള്‍ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ആത്മ വഞ്ചനയാകും എന്ന ആമുഖത്തോടെയാണ് കേസരി ലേഖനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച മര്യാദ തിരിച്ചു കാണിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെന്നും മുഖലേഖനം കുറ്റപ്പെടുത്തുന്നു.

പ്രളയത്തിന്റെ ആദ്യഘട്ടങ്ങളിലെല്ലാം തന്നെ കേന്ദ്രസര്‍ക്കാരില്‍ നിന്നും ആവശ്യമായ സഹായം കിട്ടുന്നുന്നുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിണറായി കാണിച്ച ആ രാഷ്ട്രീയ മര്യാദ തിരിച്ചുകാണിക്കുകയാണ് ഈ ദുരന്തമുഖത്ത് നാം ചെയ്യേണ്ടത്. ഈയവസരത്തില്‍ രാഷ്ട്രീയം കളിക്കുകയല്ല വേണ്ടതെന്നും കേസരി ഓര്‍മ്മപ്പെടുത്തുന്നു.

ചെങ്ങന്നൂരും ആറന്മുളയുമടക്കം സംഘപുത്രന്മാര്‍ ഏറെയുള്ള പ്രദേശങ്ങളിലാണ് പ്രളയം ഏറ്റവും വലിയ നാശം വിതച്ചിരിക്കുന്നത്. ഒരു നല്ല ശതമാനം സംഘപുത്രന്മാര്‍ ഈ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നുണ്ട്. ഇക്കാര്യം സംസ്ഥാന- കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. എന്നിട്ടുപോലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അവര്‍ കേരളത്തെയൊന്നാകെ ശിക്ഷിക്കുകയാണെന്നും കേസരി മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം പ്രസിദ്ധീകരിച്ച മുഖപ്രസംഗം ആര്‍എസ്എസ് പിന്‍വലിച്ചു. ആര്‍എസ്എസ് മുഖപത്രമായ കേസരി തന്നെ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത് വ്യാപക ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതോടെയാണ് ലേഖനം പിന്‍വലിച്ചത്. അതേസമയം കേസരിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് ആര്‍എസ്എസ് നല്‍കുന്ന വിശദീകരണം.

pathram desk 2:
Related Post
Leave a Comment