നേവി ഉദ്യോഗസ്ഥര്‍ക്ക് ടെറസില്‍ ‘താങ്ക്‌സ്’ രേഖപ്പെടുത്തിയത് അച്ഛന്റെ മുണ്ട് കീറി

പ്രളയക്കെടുതിയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നേവി രക്ഷാസംഘത്തിന് ടെറസില്‍ ‘താങ്ക്‌സ്’ രേഖപ്പെടുത്തിയ ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. പക്ഷെ നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് ശര്‍മയ്ക്കും സംഘത്തിനും ടെറസില്‍ ഇംഗ്ലീഷില്‍ താങ്ക്സ് എന്നെഴുതിയ ആളെ ആര്‍ക്കും അറിയില്ലായിരുന്നു. ഒടുക്കം കൊച്ചിയിലെ വീടിന്റെ ടെറസില്‍ താങ്ക്‌സ് എഴുതിയ ആളെ കണ്ടെത്തി. നോര്‍ത്ത് പറവൂര്‍ കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി വീട്ടില്‍ ധനപാലനാണ് നേവി രക്ഷാ സംഘത്തിന് നന്ദി രേഖപ്പെടുത്തിയ ആള്‍.

ധനപാലന്‍ സാഹസികമായ രീതിയിലാണ് നന്ദി രേഖപ്പെടുത്തിയതെന്നാണ് ശ്രദ്ധേയം. വെള്ളത്തിലൂടെ നീന്തി വന്ന അച്ഛന്‍ അഴിച്ചിട്ട ഡബിള്‍ മുണ്ടു കീറിയാണ് അദ്ദേഹം അക്ഷരങ്ങള്‍ എഴുതിയത്. ധനപാലനെയും കുടുംബത്തെയും ഹെലികോപ്റ്ററില്‍ ആയിരുന്നില്ല രക്ഷപ്പെടുത്തിയിരുന്നത്. എന്നാല്‍ സമീപത്തുള്ള വീടുകളിലുള്ള പ്രായമായവരെയടക്കം എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഇത്രയും പേരെ രക്ഷിച്ച നന്ദിയാണ് ധനപാലന്‍ രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മുകളിലുള്ളവനുളള നന്ദി കൂടി ആ താങ്ക്സിലുണ്ടെന്നും ധനപാലന്‍ കൂട്ടിച്ചേര്‍ത്തു.

വീടിന്റെ ടെറസില്‍ താങ്ക്‌സ് എന്നെഴുതിയ ആകാശ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയായിരുന്നു ട്വീറ്റ് ചെയതത്.വെള്ള പെയിന്റ് കൊണ്ടെഴുതിയ വാക്കുകളായിരുന്നു ഇതെന്നായിരുന്നു ആദ്യം മനസിലാക്കിയിരുന്നത്.

pathram desk 1:
Related Post
Leave a Comment