‘അന്‍പൊടു കൊച്ചി’യില്‍ നിന്ന് സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ എത്തുന്നില്ല!!! ചോദ്യം ചെയ്ത യുവതിയുടെ കട പൂട്ടിച്ചെന്ന് ആരോപണം

‘അന്‍പൊടു കൊച്ചി’യുടെ ദുരിതാശ്വാസ കളക്ഷന്‍ സെന്ററിലെ നടത്തിപ്പിലെ വീഴ്ച ചോദ്യം ചെയ്ത തന്റെ കട ഐഎഎസ് ഉദ്യോഗസ്ഥനായ എംജി രാജമാണിക്യം ഇടപെട്ട് പൂട്ടിച്ചെന്ന ആരോപണവുമായി യുവതി. കൊച്ചിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ‘പപ്പടവട’ റെസ്റ്റോറന്റ് ഉടമ മിനു പൗളിന്‍നാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ സിനിമാ താരങ്ങളായ പൂര്‍ണിമ ഇന്ദ്രജിത്ത്, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കടവന്ത്ര റീജണല്‍ സ്പോര്‍ട്ട്സ് സെന്ററില്‍ ‘അന്‍പൊടു കൊച്ചി’ എന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളുടെ കളക്ഷന്‍ സെന്റര്‍ നടത്തുന്നത്.

സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന ക്യാമ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മിനുവിന്റെ ആരോപണങ്ങളും ഉണ്ടായിരിക്കുന്നത്. ക്യാമ്പിലേക്ക് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി സഹായങ്ങളാണ് ഒഴുകിയെത്തുന്നത്. എന്നാല്‍, ഈ വസ്തുവകകള്‍ ഒന്നും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാതെ കളക്ഷന്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് ആരോപണം. കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം നിറഞ്ഞതോടെ പലതവണയും കളക്ഷനുകള്‍ നിര്‍ത്തിവെച്ചിരുന്നു.

ഇങ്ങനെ ക്യാമ്പിലേക്കുള്ള വസ്തുക്കളുടെ കളക്ഷന്‍ നിര്‍ത്തിവെച്ചത് ചോദ്യം ചെയ്തതാണ് തനിക്ക് വിനയായതെന്ന് മിനു പൗളിന്‍ ഫെയ്സ്ബുക്ക് വീഡിയോയില്‍ പറയുന്നു. താന്‍, അടക്കമുള്ളവര്‍ ക്യാമ്പിലേക്ക് എത്തിച്ച ഭക്ഷണ സാധനങ്ങള്‍ ‘അന്‍പൊടു കൊച്ചി’ കളക്ഷന്‍ സെന്റര്‍ ഏറ്റെടുത്തില്ല.

ഇക്കാര്യം ക്യാമ്പിലേക്ക് എത്തിയവര്‍ എല്ലാം ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു. അതിന് താന്‍ നേതൃത്വം നല്‍കിയതാണ് എംജി രാജമാണിക്യത്തെ പ്രകോപിപ്പിച്ചത്. സംഭവം ഉണ്ടായി രണ്ടു ദിവസത്തിനുള്ളില്‍ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫീസര്‍ തന്റെ കലൂരിലെ പപ്പടവട റെസ്റ്റോറന്റില്‍ എത്തുകയും കടയ്ക്ക് മുന്നില്‍ ചെളി അടിഞ്ഞുകൂടിയെന്ന് ചൂണ്ടിക്കാട്ടി ഒരു ലക്ഷം രൂപ ഫൈന്‍ ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്ന് മിനു പറഞ്ഞു.

ഇത് നല്‍കാന്‍ സാധിക്കാത്തതോടെ 20,000 രൂപ പിഴ അടക്കാന്‍ നിര്‍ദ്ദേശിച്ച് കട പൂട്ടാന്‍ ഉത്തരവിടുകയായിരുന്നുവെന്നും മിനു പൗലോസ് വീഡിയോയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് കലൂരിലെ ഷോപ്പ് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എംജി രാജമാണിക്യം ഐഎഎസ് ആണെന്നും ഇവര്‍ ആരോപിക്കുന്നു.

pathram desk 1:
Leave a Comment