‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ; പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥ ;’ അപേക്ഷയുമായി ‘പപ്പട’ മുത്തശ്ശി

തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ പൊരി വെയിലത്ത് പപ്പട വില്‍പ്പന നടത്തുന്ന ‘പപ്പട’ മുത്തശ്ശിയെ വളരെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ’25 പപ്പടം ഇരുപത് രൂപ’ എന്ന് ഉച്ചത്തില്‍ വിളിച്ചിട്ടും ആരും നോക്കാതെ പോകുന്ന വസുമതിയമ്മയുടെ വീഡിയോ വൈറലായതോടെ അമ്മൂമ്മ സോഷ്യല്‍ മീഡിയയില്‍ താരമായി. എന്നാല്‍ വെറും താരപരിവേഷം മാത്രമാണ് അമ്മുമ്മയ്ക്ക് ഇപ്പോഴും കൈമുതലായുള്ളത്. ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണ് വസുമതിയമ്മ. സോഷ്യല്‍ മീഡിയയില്‍ ഒക്കെ വന്നതോടെ ജീവിതം പഴയതിലും ദയനീയമായെന്നാണ് വസുമതിയമ്മ പറയുന്നത്.

‘ഇപ്പോള്‍ പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വാര്‍ത്തയൊക്കെ വന്നു രക്ഷപ്പെട്ടില്ലേ, ഇനി എന്തിനാണ് പപ്പടം വില്‍ക്കുന്നത്? വീട്ടില്‍ സ്വസ്ഥമായി ഇരുന്നുകൂടെ എന്നാണ് സ്ഥിരമായി പപ്പടം വാങ്ങുന്നവര്‍ പോലും ചോദിക്കുന്നത്. കച്ചവടം വളരെ മോശമായി’ വസുമതിയമ്മ നിറകണ്ണുകളോടെ പറയുന്നു.

വീഡിയോ വൈറലായതോടെ സഹായവുമായി നിരവധി പേര്‍ രംഗത്തു വന്നുവെന്നും വസുമതിയമ്മയുടെ അക്കൗണ്ടില്‍ ലക്ഷങ്ങളെത്തി എന്നു തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്. ‘ഇതുവരെ സഹായമായി ലഭിച്ചത് 6000 രൂപയും രണ്ട് കോടിമുണ്ടുമാണെന്ന് വസുമതിയമ്മ തന്നെ പറയുന്നു. ആരുടെയും സഹായം ആവശ്യപ്പെട്ടിട്ടില്ല. എങ്ങനെയും ജോലിയെടുത്ത് ജീവിക്കും. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്നു മാത്രമാണ് വസുമതിയമ്മയുടെ അപേക്ഷ.

വീഡിയോ കണ്ട് പലരും സഹായിക്കാമെന്ന് പറഞ്ഞ് മുന്നോട്ടു വന്നെങ്കിലും അവരെ ആരെയും പിന്നീട് കണ്ടിട്ടില്ലെന്ന് അമ്മൂമ്മ പറയുന്നു. മറ്റ് ചിലര്‍ക്ക് അമ്മൂമ്മയ്ക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും അത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കാനുമായിരുന്നു ഉത്സാഹം.

pathram desk 1:
Leave a Comment