ടോവീനോയുടെ മറഡോണയുടെ ഒരു ദിവസത്തെ കലക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

കൊച്ചി:പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സഹായവുമായി ടൊവിനോയും കൂട്ടരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മറഡോണ സിനിമയുടെ ഒരു ദിവസത്തെ കലക്ഷന്‍ സംഭാവന ചെയ്യുമെന്ന് ടൊവിനോയും സിനിമയുടെ സംവിധായകനും എഴുത്തുകാരനും അറിയിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലാണ് മൂവരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മഴ കാരണം തിയറ്ററില്‍ ആളുകള്‍ കയറുന്നില്ലെങ്കിലും തങ്ങളുടെ ഇപ്പോഴത്തെ ആശങ്ക മഴക്കെടുതിയാണെന്ന് ടൊവിനോ വ്യക്താക്കി.

പ്രളയത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് ഈ തുക മന്ത്രി വി.എസ് സുനില്‍ കുമാറിന് അടുത്ത ആഴ്ച കൈമാറും. സംവിധായകന്‍ വിഷ്ണു നാരായണ്‍, തിരക്കഥാകൃത്ത് കൃഷ്ണമൂര്‍ത്തി എന്നിവരും ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാവിധ പിന്തുണകളും അറിയിച്ചു. മായാനദിക്കു ശേഷം ടോവിനോ തോമസ് എന്ന നടന്റെ മേല്‍ വലിയ പ്രതീക്ഷകള്‍ പതിഞ്ഞ സിനിമയാണ് മറഡോണ.

നവാഗതനായ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന മറഡോണയുടെ തിരക്കഥ കൃഷ്ണമൂര്‍ത്തിയുടേതാണ്. ആഷിക്ക് അബുവിന്റെയും ദിലീഷ് പോത്തന്റെയും സംവിധാന സഹയായി ആയി പ്രവര്‍ത്തിച്ച ആളാണ് വിഷ്ണു. ടൊവീനോയെ കൂടാതെ ചെമ്പന്‍ വിനോദ്, ടിറ്റോ വിത്സണ്‍, ജിന്‍സ് ബക്കര്‍, ലിയോണ തുടങ്ങിയ താരങ്ങള്‍ അഭിനയിക്കുന്നു. പുതുമുഖം ശരണ്യ നായരാണ് നായിക.

മറഡോണ എന്ന പേര് തന്നെ കൗതുകമുണ്ടാക്കുന്നതാണ്. ഫുട്‌ബോളുമായി ബന്ധമുള്ള കഥ എന്നു പ്രേക്ഷകരെ നേരിട്ട് തോന്നിപ്പിക്കുന്ന പേരാണത്. എന്നാല്‍ ഫുട്‌ബോളുമായോ ഡീഗോ മറഡോണയുമായോ യാതൊരു ബന്ധവും സിനിമയുടെ കഥാഗതിക്കില്ല. സിനിമയിലെ നായകന്റെ പേരാണ് മറഡോണ. മികച്ച പ്രതികരണത്തോടെ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

pathram desk 2:
Related Post
Leave a Comment