ബിജെപി വീണ്ടും ഭരണത്തിലേറിയാല്‍ ആദ്യം ഇല്ലാതാക്കുക മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും: ബാലചന്ദ്രന്‍ ചുളളിക്കാട്

തൃശൂര്‍ :രാജ്യത്ത് അധികാരത്തിലിരിക്കുന്നവര്‍ വീണ്ടും ഭരണത്തിലേറിയാല്‍ ആദ്യം ഇല്ലാതാക്കുക മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമായിരിക്കുമെന്ന് കവി ബാലചന്ദ്രന്‍ ചുളളിക്കാട്. മതേതരത്വം സംരക്ഷിക്കണമെന്നുള്ള ഇന്ത്യന്‍ ജനതയുടെ സ്വപ്നം മരിക്കാന്‍ വിദ്യാര്‍ഥികള്‍ ഒരിക്കലും അനുവദിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും സംരക്ഷിക്കാന്‍ രാജ്യത്ത് നടക്കുന്ന പോരാട്ടത്തില്‍ വിദ്യാര്‍ത്ഥി സമൂഹവും അവരുടെ കടമ നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളവര്‍മ കോളേജിന്റെ സ്ഥാപിത ദിനാഘോഷവും സപ്തതിയാഘോഷങ്ങളുടെ സമാപന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയുടെ രാഷ്ട്രീയം വിജയിച്ചാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ അഭയാര്‍ഥികളാവും. ഇന്ത്യയുടെ മതേതരത്വത്തെ തകര്‍ത്ത് മത രാഷ്ട്രമായി മാറ്റാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെതന്നെ ഔദാര്യം ഉപയോഗിച്ചാണ്. രാജ്യത്തെ വിവിധ മതസ്ഥര്‍ തമമിലുള്ള സമാധാനപരമായ സഹവര്‍തിത്വം ഇതോടെ തകരും. അന്യ മതസ്ഥര്‍ക്ക് തുല്യ അവകാശം ഒരു മതരാഷ്ട്രത്തിലും ലഭിക്കില്ല. ഹിന്ദു, മുസ്ലിം വര്‍ഗീയതകള്‍ രണ്ടും നാടിന് ആപത്താണ്. വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം എഴുതി മതേതര ജനാധിപത്യ സംസ്‌കാരം ഉയര്‍ത്തി പിടിച്ചതിനാണ് അഭിമന്യുവിനെ വര്‍ഗീയവാദികള്‍ കുത്തി വീഴ്ത്തിയതെന്നും ബാലചന്ദ്രന്‍ ചുളളിക്കാട് ഓര്‍മ്മിപ്പിച്ചു.

pathram desk 2:
Related Post
Leave a Comment