രണ്ട് ജില്ലയിലെ എടിഎമ്മുകള്‍ പൂട്ടിയേക്കും; പ്രളയത്തേതുടര്‍ന്ന് ബാങ്കുകള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം

തിരുവനന്തപുരം: ഇടുക്കിയിലെയും എറണാകുളത്തെയും പ്രളയബാധിത പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ താഴത്തെ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖകളും എടിഎമ്മുകളും പൂട്ടിയേക്കും.ഇടുക്കിചെറുതോണി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്ന് കൂടുതല്‍ ജലം വന്നു തുടങ്ങിയതോടെ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചില ബാങ്ക് ശാഖകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയെന്നാണ് സൂചന.എന്നാല്‍, ഔദ്യോഗികമായി സര്‍ക്കാര്‍ ഇത് വരെ അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ചില ബാങ്ക് അധികൃതര്‍ പ്രതികരിച്ചു.

ബാങ്കുകളും എടിഎമ്മുകളും അടിയന്തര സാഹചര്യത്തില്‍ കറന്‍സി നോട്ടുകള്‍ എങ്ങനെ സൂക്ഷിക്കണമെന്നും മറ്റും നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് ശാഖകള്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പണം മാറ്റാന്‍ തയ്യാറായിരിക്കണം. എടിഎമ്മില്‍ സൂക്ഷിച്ചിരിക്കുന്ന പണം കറന്‍സി ചെസ്റ്റുകളിലേക്ക് മാറ്റണം. വലിയ തുകകള്‍ സേഫുകളുടെ ഏറ്റവും ഉയര്‍ന്ന റാക്കുകളില്‍ സൂക്ഷിക്കാം. എടിഎം കൗണ്ടറുകളുടെ പവര്‍ സപ്ലൈ പൂര്‍ണമായും ഓഫ് ചെയ്ത് ഷട്ടറുകള്‍ അടക്കാനുള്ള നടപടി ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ബാങ്കുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും വലിയ തുകകള്‍ എടിഎമ്മുകളില്‍ സൂക്ഷിക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്.

pathram desk 2:
Related Post
Leave a Comment