കനത്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച നടത്താനിരുന്ന നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവെച്ചു

ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവെച്ചു. സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലും ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. വടക്കന്‍ കേളത്തിലാണ് മഴ ശക്തമായി തുടരുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കോഴിക്കോടിന്റെ മലയോര ഗ്രാമങ്ങളിലും മഴ ശക്തമായി തുടരുകയാണ്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴയില്‍ പുതുപ്പാടി, കണ്ണപ്പന്‍കുണ്ട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കണ്ണൂര്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വയനാട്ടിലും ഉരുള്‍പൊട്ടലുണ്ടായി.

കണ്ണൂര്‍ ഇരിട്ടി കീഴപ്പള്ളിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ടു പേരെ കാണാതായി. പാറയ്ക്കാപ്പാറയിലാണ് സംഭവം. ഇവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.ആറളം മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വെള്ളം ഉയര്‍ന്നതിനാല്‍ വിയറ്റ്നാം കോളനി ഭാഗത്തെ 32 പേരെ ക്യാമ്പിലേക്ക് മാറ്റി. പെരിയാറിലും കൈവഴികളിലും നാളെ രാവിലെ അഞ്ച് മണി മുതല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഇറങ്ങുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

താമരശേരി ചുരത്തില്‍ അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞു വീണ് ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കുറ്റ്യാടി ചുരം ഇടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താമരശേരി കൈതപ്പൊയില്‍ ഒരാളെ കാണാതായി.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ പൂര്‍ണ്ണമായും ഇടുക്കി, കണ്ണൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ചില താലൂക്കളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍, പരീക്ഷകള്‍ (ഹയര്‍ സെക്കന്‍ഡറി, കോളേജ്) മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല എന്നീ താലൂക്കുകളിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കലക്ടര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കലക്ടര്‍ അവധി ഇന്ന് പ്രഖ്യാപിച്ചത്. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, നിലമ്പൂര്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കും. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം, ഇന്ന് നടക്കാനിരുന്ന ഹയര്‍സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവച്ചു. അതേസമയം കൊല്ലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

pathram desk 1:
Related Post
Leave a Comment