കരുണാനിധിയുടെ നില അതീവ ഗുരുതരം; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ല. വൈകീട്ട് 4.30ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറായി സ്ഥിതി അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതിനിടെ കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനും അഴഗിരിയും കനിമൊഴിയും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കരുണാനിധിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിക്കാനാണ് സ്റ്റാലിന്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിഎംകെയുടെ ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും ഉള്‍പ്പടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വന്‍ സംഘം കാവേരി ആശുപത്രിക്ക് മുന്നിലുണ്ട്. പാര്‍ട്ടിയിലെ ഉന്നത നേതാക്കളോട് ചെന്നൈയില്‍ എത്താന്‍ സ്റ്റാലിന്‍ തിങ്കളാഴ്ച വൈകിട്ട് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് സൂചന. കലൈഞ്ജറുടെ മടങ്ങിവരവും കാത്ത് നൂറുകണക്കിന് സാധാരണ പ്രവര്‍ത്തകരും കാവേരി ആശുപത്രിക്ക് മുന്നില്‍ കാത്തിരിപ്പ് തുടരുകയാണ്.

അതേസമയം കാവേരി ആശുപത്രിക്ക് മുന്നില്‍ മാത്രമായിരുന്ന സുരക്ഷ ചെന്നൈ നഗരത്തിലേക്ക് പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. 300 പൊലീസിനെയാണ് അധികമായി വിന്യസിച്ചത്. ചെന്നൈയുടെ വിവിധ മേഖലകള്‍ പോലീസ് കാവലിലാണ്. സുരക്ഷ കര്‍ശനമാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. ഇന്ന് വൈകിട്ട് പുറത്തുവരുന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ കരുണാനിധിയുടെ ആരോഗ്യവിവരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് തമിഴകം.

pathram:
Related Post
Leave a Comment