അമിത ശബ്ദത്തില്‍ പാട്ടും ഡാന്‍സും; കൊച്ചിയില്‍ 40 ടൂറിസ്റ്റ് ബസുകള്‍ പിടിയില്‍

കൊച്ചി: പാട്ടും ഡാന്‍സുമായി ആഘോഷമായി പോയ 40 ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. ഡ്രൈവറുടെ ശ്രദ്ധ തെറ്റുന്ന രീതിയില്‍ അമിത ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിച്ചതിനാണു കേസ്. എട്ട് ഇതര സംസ്ഥാന ടുറിസ്റ്റ് ബസുകളും പിടികൂടിയവയില്‍ ഉള്‍പ്പെടും. ബസിനകത്തെ ഓഡിയോ, വിഡിയോ സംവിധാനങ്ങള്‍ വന്‍ ശബ്ദത്തില്‍ പ്രവര്‍ത്തിപ്പിച്ചു മറ്റു വാഹനങ്ങള്‍ക്കും ശല്യം സൃഷ്ടിച്ചതിനും കേസെടുത്തിട്ടുണ്ട്. കാക്കനാട് സീപോര്‍ട് എയര്‍പോര്‍ട് റോഡും പരിസര റോഡുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഉത്സവപ്പറമ്പുകള്‍ക്കു സമാനമായിരുന്നു പല വാഹനങ്ങളിലെയും അകത്തെ അവസ്ഥയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രക്കാര്‍ കുട്ടത്തോടെ നൃത്തം ചെയ്തതു മൂലം വാഹനം ഓട്ടത്തിനിടെ കുലുങ്ങുന്നതു പുറമെനിന്നു കാണാവുന്ന സ്ഥിതിയായിരുന്നു.

ഡ്രൈവര്‍മാരും താളം പിടിച്ചാണു വാഹനം ഓടിക്കുന്നത്. ഡ്രൈവര്‍ ക്യാബിനോടു ചേര്‍ന്നുനിന്നു വരെ യാത്രക്കാരുടെ തുള്ളിച്ചാട്ടം പരിശോധകരുടെ ശ്രദ്ധയില്‍പ്പെട്ടു. ടൂറിസ്റ്റ് വാഹനങ്ങളില്‍ ഓഡിയോ, വിഡിയോ സംവിധാനങ്ങള്‍ അനുവദനീയമാണെങ്കിലും ശബ്ദ നിയന്ത്രണം നിര്‍ബന്ധമാണ്. 2017ലെ മോട്ടോര്‍ വെഹിക്കിള്‍സ് ഡ്രൈവേഴ്‌സ് റഗുലേഷന്‍ നിയമപ്രകാരമാണു കേസെടുത്തത്. ഇതര സംസ്ഥാന വാഹനങ്ങള്‍ പിഴ ഈടാക്കിയ ശേഷം വിട്ടുകൊടുത്തു. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഒരാഴ്ചയ്ക്കകം ആര്‍ടി ഓഫിസില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച ശേഷമാണു വിട്ടയച്ചത്.

ടൂറിസ്റ്റ് വാഹനങ്ങളിലെ ആര്‍ഭാട വെളിച്ചത്തിനെതിരെയും മോട്ടോര്‍ വാഹന വകുപ്പു നടപടിയെടുത്തു. അകത്തും പുറത്തും വെട്ടിത്തിളങ്ങുന്ന ലൈറ്റിന്റെ പേരിലാണു നടപടി. രാത്രിയായിരുന്നു പരിശോധനയെന്നതിനാല്‍ പരിധിയില്‍ കവിഞ്ഞ വെളിച്ചവുമായെത്തിയ വാഹനങ്ങളും വെളിച്ചം കുറഞ്ഞ ഒറ്റക്കണ്ണന്‍ ലൈറ്റുമായെത്തിയ വാഹനങ്ങളും കെണിയില്‍ വീഴുകയായിരുന്നു. ഹെഡ് ലൈറ്റിനു പുറമെ വാഹനങ്ങളുടെ മുന്‍വശത്തു മുകളിലായി ഹെവി ലൈറ്റുകള്‍ ഘടിപ്പിച്ചെത്തിയ ഒട്ടേറെ വാഹനങ്ങളും പിടിയിലായി. അനുവദനീയമല്ലാത്ത എക്‌സ്ട്രാ ലൈറ്റുകളൊന്നും വാഹനങ്ങളില്‍ പാടില്ലെന്നാണു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം.

വാഹനങ്ങളില്‍ നിര്‍മാണ വേളയില്‍ ഘടിപ്പിക്കുന്നതല്ലാത്ത എല്ലാ ലൈറ്റുകളും അനധികൃതമാണ്. ഓട്ടോമോട്ടീവ് റിസര്‍ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡപ്രകാരമുള്ള ലൈറ്റുകളാണു നിര്‍മാണ വേളയില്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്. എക്‌സ്ട്രാ ലൈറ്റുകളുമായി പിടികൂടിയ വാഹനങ്ങളില്‍ നിന്നു പിഴ ഈടാക്കിയതിനു പുറമെ അവ അഴിച്ചുമാറ്റി ആര്‍ടി ഓഫിസില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചെറിയ രീതിയിലുള്ള അഡീഷനല്‍ ലൈറ്റ് ഫിറ്റിങ്ങുകള്‍ പിടികൂടുന്നിടത്തുവച്ചുതന്നെ ഉദ്യോഗസ്ഥര്‍ അഴിച്ചു മാറ്റി.

ഇതര സംസ്ഥാനങ്ങളിലേതുള്‍പ്പെടെ ഒട്ടേറെ ടൂറിസ്റ്റ് ബസുകളും വെളിച്ചം വില്ലനായതിന്റെ പേരില്‍ പിടിയിലായി. കണ്ണഞ്ചിപ്പിക്കുന്ന നീല പ്രകാശം ചൊരിയുന്ന വാഹനങ്ങള്‍, ഇന്‍ഡിക്കേറ്റര്‍ ലൈറ്റ്, ബ്രേക്ക് ലൈറ്റ്, പാര്‍ക്ക് ലൈറ്റ് തുടങ്ങിയവയിലെ ഡെക്കറേഷനുകള്‍, വാഹനത്തിന്റെ വശങ്ങളില്‍ ചെറിയ ബള്‍ബുകള്‍ കൊണ്ട് മിന്നിക്കുന്ന ലൈറ്റുകള്‍ തുടങ്ങിയവയൊക്കെ പിടികൂടിയവയില്‍ ഉള്‍പ്പെടും. വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ നിയമമില്ലാത്ത ലൈറ്റുകളുടെ വില്‍പന തടയാന്‍ നടപടി വേണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വലിയ വാഹനങ്ങളിലും ബൈക്കുകളിലും മറ്റും ഇത്തരം ലൈറ്റുകള്‍ ഘടിപ്പിച്ചു പായുന്നത് അപകടത്തിനു കാരണമാകുന്നുണ്ട്.

pathram:
Related Post
Leave a Comment