തൃശൂര്‍: ഇന്ന് നടക്കുന്ന രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാരേഖ ചോര്‍ന്നു. വാട്സാപ്പ് വഴിയാണ് ‘സീക്രട്ട്’ എന്ന് തലക്കെട്ടുള്ള പൊലീസ് രേഖ പ്രചരിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ 208 പേജുള്ള രേഖയാണ് പ്രചരിക്കുന്നത്. എന്നാല്‍, ഡ്യൂട്ടിക്കുള്ള എല്ലാ പോലീസുകാര്‍ക്കും നല്‍കുന്ന രേഖയാണിതെന്നും സുരക്ഷാഭീഷണിയില്ലെന്നും പോലീസ് പറയുന്നു.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍ ഇതിലുണ്ട്. രാഷ്ട്രപതിയുടെ യാത്രയുടെ സ്‌കെച്ചും നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതലാണ് രേഖ പ്രചരിക്കാന്‍ തുടങ്ങിയത്. പൊലീസ് ഗ്രൂപ്പുകളില്‍നിന്നാണ് രേഖ ചോര്‍ന്നതെന്നു കരുതുന്നു. രേഖ പോലീസ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്.
കമ്മീഷണര്‍ യതീഷ്ചന്ദ്ര ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ചുമതലകളും ഇതില്‍ വിവരിക്കുന്നു. ഓരോ സ്ഥലത്തും എത്ര പൊലീസുകാര്‍ സുരക്ഷയ്ക്ക് ഉണ്ടാകും, ആരാണ് നേതൃത്വം, രാഷ്ട്രപതിക്ക് ഏതൊക്കെ ഭാഗത്തുനിന്നാണ് സുരക്ഷാ ഭീഷണിയുള്ളത്, രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ ഘടന എന്നിവയെല്ലാം ചോര്‍ന്ന രേഖയിലുണ്ട്.
മൂവായിരത്തോളം പേര്‍ക്ക് രേഖ ഔദ്യോഗികമായി കൈമാറിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സൗകര്യത്തിനുവേണ്ടി വാട്സാപ്പും ഉപയോഗിച്ചുവെന്നാണ് അറിയുന്നത്.
Leave a Comment