രാത്രി റോഡിലിറങ്ങി പുരുഷന്മാരെ ആകര്‍ഷിച്ച് അടുത്തെത്തിച്ച് ആക്രമിച്ച ശേഷം മോഷണം; ഡല്‍ഹിയില്‍ പിടിയിലായ യുവതികളുടെ രീതി ഇങ്ങനെ

ന്യൂഡല്‍ഹി: നിലവിളി കേട്ട് സഹായത്തിനായി ഓടിയെത്തിയ ആളുടെ പഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മൂല്‍ചന്ദ് മെട്രോ സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്വീറ്റി(24), മുസ്‌കാന്‍(25) എന്നിവരാണ് അറസ്റ്റിലായത്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം അവരുടെ പണവും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും മോഷ്ടിക്കുന്നത് സ്വീറ്റിയുടെയും മുസ്‌കാന്റെയും പതിവാണെന്ന് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 4ന് രാത്രി 9.30ന് പൊലീസ് പട്രോളിങ്ങിനിടെയാണ് ഇരുവരും പിടിയിലായത്. ഇവര്‍ക്ക് പിന്നാലെ ഒരാള്‍ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടത്. പെണ്‍കുട്ടികള്‍ തന്നെ തല്ലുകയും തന്റെ പഴ്സ് മോഷ്ടിച്ചെടുത്ത് ഓടുകയുമായിരുന്നെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിന്റെ പഴ്സ് പെണ്‍കുട്ടികളില്‍ നിന്ന് പിടിച്ചെടുത്തു.

രാത്രി 9.30ഓടെ മോട്ടോര്‍സൈക്കിളില്‍ വീട്ടിലേക്ക് പോകുകയായിരുന്നു യുവാവ്. മെട്രോ സ്റ്റേഷന് സമീപമെത്തിയപ്പോള്‍ സ്വീറ്റിയും മുസ്‌കാനും സഹായത്തിനായി നിലവിളിക്കുന്നത് കേട്ടാണ് വണ്ടി നിര്‍ത്തിയത്. ബൈക്ക് നിര്‍ത്തിയ ഉടനെ മുസ്‌കാന്‍ യുവാവിനെ തല്ലി. ബൈക്കില്‍ നിന്ന് താഴെ വീണ യുവാവിന്റെ പഴ്സ് സ്വീറ്റി തട്ടിയെടുത്തുകൊണ്ട് ഓടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മുസ്‌കാന്‍ വിധവയാണെന്നും സ്വീറ്റി ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയാണെന്നും പൊലീസിനോട് പറഞ്ഞു. ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നതോടെ രാത്രി പുരുഷന്‍മാരെ കബളിപ്പിച്ച് മോഷണം നടത്തിവരികയായിരുന്നു ഇരുവരും. ചില സമയത്ത് പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന പോലെ പെരുമാറിയും, മറ്റ് ചിലപ്പോള്‍ സഹായത്തിനായി നിലവിളിച്ചുമാണ് മോഷണം നടത്തിയിരുന്നത്. ആളുകള്‍ ഇവരുടെ അടുത്തേക്ക് എത്തുമ്പോള്‍ രണ്ട് പേരും ചേര്‍ന്ന് അവരെ മോഷണത്തിന് ഇരയാക്കുകയായിരുന്നു പതിവ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് ആറ് പേരെ ഇവര്‍ മോഷണത്തിന് ഇരകളാക്കിയിട്ടുണ്ട്. എന്നാല്‍ പലരും മാനക്കേടോര്‍ത്ത് പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment