ബിഗ് ബോസില്‍ ഇനിയും തുടരാനാവില്ലെന്ന് സുരേഷ്; നോമിനേറ്റ് ചെയ്ത് പുറത്താക്കണം

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് പ്രോഗ്രാമില്‍ വീണ്ടും വിവാദം ഉയരുന്നു.
പ്രതിദിനം വരുന്ന അനേകം വിമര്‍ശനങ്ങളേയും വിവാദങ്ങളേയും അനുമോദനങ്ങളെയും ഒരു പോലെ സ്വീകരിച്ച് മുന്നേറുന്ന പരിപാടിയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പതിനാറ് മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും ആറ് പേരാണ് ഇതുവരെ പുറത്തുപോയിരിക്കുന്നത്. ശ്വേതാ മേനോനായിരുന്നു ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷനില്‍ പുറത്തു പോയത്.

ഓരോ എലിമിനേഷന്‍ എപ്പിസോഡുകളും അടുക്കുമ്പോഴും ബിഗ് ബോസിലെ മല്‍സരാര്‍ത്ഥികളെല്ലാം തന്നെ വിജയിക്കാനുളള തീവ്ര പരിശ്രമത്തിലാണുളളത്. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് തന്നെ നോമിനേറ്റ് ചെയ്ത് പുറത്താക്കണമെന്ന ആവശ്യവുമായി അരിസ്‌റ്റോ സുരേഷ് രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ ബിഗ് ബോസില്‍ എറ്റവും കൂടുതല്‍ ആക്രമണം നേരിടേണ്ടി വന്നത് അരിസ്‌റ്റോ സുരേഷായിരുന്നു. പേളിയുമായിട്ടുളള സുരേഷിന്റെ സൗഹൃദമാണ് മറ്റു മല്‍സരാര്‍ത്ഥികളെ അസ്വസ്ഥരാക്കിയിരുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലും തന്നെ നോമിനേറ്റ് ചെയ്ത് പുറത്താക്കണമെന്ന് മറ്റുളളവരോട് സുരേഷ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സുരേഷ്. ബിഗ് ബോസ് വീട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്ന ഒരാളു കൂടിയാണ് അദ്ദേഹം. നാടന്‍ പാട്ടുകള്‍ കൊണ്ടും തന്റെ ഇടപെടലുകള്‍ കൊണ്ടും അദ്ദേഹം എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റാറുണ്ട്. മനസിലുളളത് അതേപോലെ പറയുന്ന പ്രകൃതക്കാരന്‍ കൂടിയാണ് അരിസ്‌റ്റോ സുരേഷ്. മറ്റു മല്‍സരാര്‍ത്ഥികളെ പോലെ തന്ത്രപരമായ കളികളൊന്നും സുരേഷിന്റെ ഭാഗത്തുനിന്നും അധികം ഉണ്ടാവാറില്ല. ബിഗ് ബോസ് ഹൗസില്‍ പേളി മാണിയോടാണ് തന്റെ കാര്യങ്ങളെല്ലാം സുരേഷ് പറയാറുളളത്. ബിഗ് ബോസിന്റെ തുടക്കം മുതല്‍ക്കുളള സൗഹൃദം ഇരുവരും ഇപ്പോഴും കാത്തുസൂക്ഷിക്കാറുണ്ട്.

പേളിയും സുരേഷും തമ്മിലുളള സൗഹൃദമാണ് ബിഗ് ബോസിലെ മറ്റ് മല്‍സരാര്‍ത്ഥികളെ അസ്വസ്ഥരാക്കുന്നത്. സുരേഷ് പേളിയുടെ രക്ഷിതാവ് കളിക്കുകയാണെന്നാണ് തരികിട സാബുവും അനൂപ് ചന്ദ്രനുമടക്കമുളളവര്‍ ആരോപിച്ചിരുന്നത്. ഇതിനിടെ പേളിയെയും അരിസ്‌റ്റോ സുരേഷിനെയും തമ്മില്‍ തല്ലിക്കാനും ബിഗ് ബോസില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ എന്ത് പ്രശ്‌നങ്ങള്‍ക്കിടയിലും പഴയതു പോലെയുളള സൗഹൃദം പേളിയും അരിസ്‌റ്റോ സുരേഷും കാത്തുസൂക്ഷിച്ചിരുന്നു

സുരേഷിനെതിരെ എല്ലാവരും രംഗത്തെത്തിയ ഘട്ടത്തില്‍ ഇനിമുതല്‍ തന്റെ കാര്യത്തില്‍ ഓവര്‍ പ്രൊട്ടക്ടീവ് ആകരുതെന്ന് പേളി പറഞ്ഞിരുന്നു. സുരേഷിനെ മറ്റുളളവര്‍ ആക്രമിക്കുന്നത് കണ്ട വിഷമത്തിലാണ് പേളി ഇക്കാര്യം പറഞ്ഞത്. തന്റെ തെറ്റുകളൊന്നും ചൂണ്ടിക്കാണിക്കാതെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കുന്നത് കൊണ്ടാണ് മറ്റുളളവര്‍ ഇങ്ങനെ പെരുമാറുന്നതെന്നും പേളി പറഞ്ഞിരുന്നു. ഇനിയെങ്കിലും താന്‍ ചെയ്ത കാര്യങ്ങള്‍ ശരിയായില്ലെന്ന് കണ്ടാല്‍ ചേട്ടന്‍ തുറന്നുപറയണമെന്നും പേളി പറഞ്ഞിരുന്നു

ഈ സംഭവങ്ങളോടെയാണ് ബിഗ് ബോസില്‍ നിന്ന് പുറത്തു പോകാന്‍ താന്‍ ആഗ്രഹിക്കുന്നതായി സുരേഷ് വെളിപ്പെടുത്തിയത്. ബിഗ് ബോസില്‍ മല്‍സരാര്‍ത്ഥികളെല്ലാം കൂടിയിരുന്ന സമയത്തായിരുന്നു തന്നെ നോമിനേറ്റ് ചെയ്ത് പുറത്താക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടത്. തനിക്ക് മാനസിക പിരിമുറുക്കം ഉണ്ടാവുന്നെന്നും എല്ലാ കാര്യങ്ങളിലും നിയന്ത്രണം നഷ്ടപ്പെടുന്നതു പോലെ തോന്നുന്നെന്നും സുരേഷ് പറയുന്നു. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം തന്റെ സ്വഭാവം ഒരുപാട് മാറിയിരുന്നു. എന്നാല്‍ ഇവിടെയത്തിയ ശേഷം തന്റെ പഴയ സ്വഭാവം പുറത്തുവരുമോയെന്ന് ഭയം ഉണ്ടായി തുടങ്ങിയെന്നും സുരേഷ് പറയുന്നു.

pathram:
Related Post
Leave a Comment