മലപ്പുറം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ പരിശോധന തുടങ്ങി. ഏതെങ്കിലും സ്‌കൂളുകളില്‍ കുട്ടികള്‍ മലയാളം സംസാരിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കില്‍ പ്രധാനാധ്യാപകന്‍ 5,000 രൂപ പിഴയൊടുക്കണം. സിബിഎസ്ഇ, സിഐഎസ്‌സിഇ തുടങ്ങിയ ബോര്‍ഡുകളുമായി അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളും മൂന്നു തവണ വീഴ്ച വരുത്തിയാല്‍ സ്‌കൂളിനുള്ള നിരാക്ഷേപ പത്രം (എന്‍ഒസി) റദ്ദാക്കാനാണു നിര്‍ദേശം.
എല്ലാ സ്‌കൂളുകളിലും പരിശോധന പൂര്‍ത്തിയാക്കി 31ന് അകം റിപ്പോര്‍ട്ട് നല്‍കണം. പരിശോധന നടത്താനായി റവന്യു, വിദ്യാഭ്യാസ ജില്ലാ തലത്തില്‍ പാനല്‍ രൂപീകരിച്ചു. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളത്തിന്റെ വ്യാപനത്തിനായി ഉണ്ടാക്കിയ മലയാള ഭാഷാ പഠന ചട്ടങ്ങളിലെ വ്യവസ്ഥകള്‍ സ്‌കൂളുകളില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണു പരിശോധന. ഇത് എല്ലാ വര്‍ഷവും അധ്യയന വര്‍ഷം തുടങ്ങി മൂന്നു മാസത്തിനകം നടത്തും.
റവന്യു ജില്ലയില്‍ അഞ്ച് മലയാളം അധ്യാപകരടങ്ങിയ പാനലാണ് സ്‌കൂളുകളില്‍ പരിശോധന നടത്തുന്നത്. െ്രെപമറി വിഭാഗത്തില്‍കൂടി പരിശോധന നടത്തേണ്ടതിനാല്‍ വിദ്യാഭ്യാസ ജില്ലാ പാനലില്‍ ഏഴ് മലയാളം അധ്യാപകരുണ്ടാകും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ളവരായിരിക്കും ഇവര്‍.
ചില സ്‌കൂളുകളില്‍ മലയാളം സംസാരിച്ചാല്‍ കുട്ടികളില്‍നിന്നു പിഴ ഈടാക്കുന്ന രീതി നിലവിലുണ്ട്. ഇംഗ്ലിഷ് മാത്രമെ സംസാരിക്കാവൂ എന്നു നിഷ്‌കര്‍ഷിക്കുന്ന സ്‌കൂളുകളുമുണ്ട്. പരിശോധനയില്‍ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാലോ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകളെന്തെങ്കിലും നോട്ടിസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ടെങ്കിലോ പരിശോധകര്‍ നടപടിക്കു ശുപാര്‍ശ ചെയ്യും. ഒന്നു മുതല്‍ പത്തു വരെ എല്ലാ ക്ലാസുകളിലും മലയാളം നിര്‍ബന്ധിത ഭാഷയായി പഠിപ്പിക്കണമെന്നാണു ചട്ടം.
Leave a Comment