കുറ്റം ചെയ്തില്ലെങ്കില്‍ ദിലീപ് അട്ടിമറി നടത്തുന്നതെന്തിനെന്ന് മോഹന്‍ലാല്‍; അമ്മയില്‍ ചേരിപ്പോര്; മുഖ്യമന്ത്രിക്ക് അയച്ച കത്ത് മുതിര്‍ന്ന നടന്‍ മുക്കി; പ്രതിഷേധിച്ച് ലാല്‍ രാജിക്കൊരുങ്ങി

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ കക്ഷിചേരാനുള്ള ‘അമ്മ’യുടെ നീക്കത്തിനുപിന്നില്‍ രൂക്ഷമായ ചേരിപ്പോരും വാക്കുതര്‍ക്കവും. വിചാരണയ്ക്ക് വനിതാജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്മ സര്‍ക്കാരിന് നല്കിയ കത്ത് പൂഴ്ത്തിയതുമുതല്‍ മോഹന്‍ലാലിന്റെ രാജിഭീഷണിവരെ ചേരിപ്പോര് നീണ്ടു.

ജൂലായ് 10ന് അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തിനുശേഷം നടന്ന കൂടിയാലോചനകളോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലുനടിമാരുടെ രാജിയെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ആകെ ഉലഞ്ഞുപോയ ‘അമ്മ’യുടെ മുഖംരക്ഷിക്കാന്‍ കൂടിയാലോചനകളില്‍ ധാരണയായി. ഇനിയെങ്കിലും നടിക്കൊപ്പം നിന്നില്ലെങ്കില്‍ സംഘടന തകര്‍ന്നടിയുമെന്നും സമൂഹത്തില്‍ സിനിമാതാരങ്ങളുടെ പ്രതിച്ഛായ പാടേ മോശമാകുകയും ചെയ്യുമെന്ന ശക്തമായ അഭിപ്രായം മോഹന്‍ലാല്‍ പങ്കുവെച്ചു. പുതിയ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ ചില അംഗങ്ങളും നടിക്ക് അനുകൂലമായ നിലപാടെടുത്തു.

കേസില്‍ വനിതാജഡ്ജിയെ നിയമിക്കണമെന്നും വിചാരണ തൃശ്ശൂര്‍ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് നിവേദനം നല്കാന്‍ തീരുമാനിച്ചു. കത്ത് തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറാനുള്ള നടപടികളുമെടുത്തു. ഇതറിഞ്ഞ ദിലീപ് അനുകൂലവിഭാഗം സര്‍ക്കാരില്‍ സ്വാധീനമുള്ള മുതിര്‍ന്ന ഭാരവാഹിയുടെ നേതൃത്വത്തില്‍ രംഗത്തിറങ്ങി. കത്ത് മുഖ്യമന്ത്രിക്ക് മുമ്പാകെ എത്താതിരിക്കാനുള്ള നീക്കങ്ങളില്‍ ഇദ്ദേഹംതന്നെ നേരിട്ടുപ്രവര്‍ത്തിച്ചതായാണ് അമ്മയിലെ അംഗങ്ങളില്‍നിന്ന് കിട്ടുന്ന വിവരം.

തന്റെ നേതൃത്വത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നറിഞ്ഞ് മോഹന്‍ലാല്‍ ക്ഷുഭിതനായി. രാജിവയ്ക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു. ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ ഏറെ നേരത്തെ അനുനയനീക്കങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ രാജി തീരുമാനത്തില്‍നിന്ന് പിന്മാറി. ‘ഇയാള്‍ കുറ്റം ചെയ്തില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും എല്ലാകാര്യങ്ങളിലും ഇടപെട്ട് അട്ടിമറിശ്രമങ്ങള്‍ നടത്തുന്നതെന്തിനെന്നും’ ദിലീപിനെ ഉദ്ദേശിച്ച് ലാല്‍ ഒരുഘട്ടത്തില്‍ ചോദിക്കുകയും ചെയ്തു.

പരാതി സര്‍ക്കാരിന് മുമ്പാകെ എത്തില്ലെന്ന് ഉറപ്പായതോടെ നടിയെ അനുകൂലിക്കുന്നവര്‍ കോടതിയില്‍ കക്ഷിചേരുന്നതിനുള്ള അപേക്ഷ കൊടുക്കാന്‍ തീരുമാനിച്ചു. മോഹന്‍ലാലും ഇതിനെ പിന്തുണച്ചു. അദ്ദേഹത്തിന്റെ അനുമതിയോടെയാണ് എക്‌സിക്യുട്ടീവ് അംഗങ്ങളായ രചനാ നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരാന്‍ അപേക്ഷ നല്കിയത്. അഭിഭാഷക ബിരുദമുള്ള മറ്റൊരു എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഇതിനുള്ള രേഖകള്‍ തയ്യാറാക്കി.

ഇതിനിടെ ദിലീപ് മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയ വാര്‍ത്തകള്‍ പുറത്തുവന്നു. നടിക്കുവേണ്ടി കൂടുതല്‍ പരിചയസമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണമെന്നത് കക്ഷിചേരല്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയത് ഇതുമൂലമാണെന്ന് അപേക്ഷ തയ്യാറാക്കിയ നടന്‍ പറയുന്നു. അപേക്ഷയില്‍ പലവിവരങ്ങളും ചേര്‍ത്തത് രചനയുടെയും ഹണിറോസിന്റെയും അനുമതിയില്ലാതെയാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള അവ്യക്തത മങ്ങിയിട്ടില്ല.

ഇപ്പോഴുണ്ടായ സംഭവങ്ങളെയെല്ലാം ആക്രമിക്കപ്പെട്ട നടി സംശയത്തോടെയാണ് കാണുന്നത്. കക്ഷിചേരല്‍ അപേക്ഷയില്‍ പോലും കുറ്റാരോപിതനായ നടന്റെ കൈകളുണ്ടെന്ന് അവര്‍ കരുതുന്നു. ‘അമ്മ’യുടെ സഹായം വേണ്ടെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

pathram:
Related Post
Leave a Comment