വണ്ണപ്പുറം കൂട്ടക്കൊല: ദുരൂഹതകള്‍ ബാക്കി; തിരുവനന്തപുരത്തെ ബിസിനസ് മേധാവി ആര്?, മുന്‍ പൊലീസ് ഉദ്യോഗസ്ഥനും കസ്റ്റഡിയിൽ

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് മന്ത്രവാദിയായ ഗൃഹനാഥനെയും കുടുംബത്തെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കസ്റ്റഡിയിലായ ഷിബുവിന്റെ പേരില്‍ പുറത്തുവന്ന ഫോണ്‍ ശബ്ദരേഖ ദുരൂഹത വര്‍ധിപ്പിക്കുന്നു. സുഹൃത്തിനോട് അന്‍പതിനായിരം രൂപ കടം ചോദിക്കുന്ന ഷിബു ദിവസങ്ങള്‍ക്കുളളില്‍ തന്റെ കയ്യില്‍ കോടികള്‍ വരുമെന്നും പറയുന്നു. ഇതിനായി ക്രിട്ടിക്കല്‍ പണിയെടുക്കണം. ബിസിനസിനായി 50000 പണം തരണം. ബിസിനസ് ചീഫിന് നല്‍കാനാണിത്. ചീഫ് തിരുവനന്തപുരത്തുണ്ട്. പണം നല്‍കിയാല്‍ പ്രശസ്തനാകാമെന്നും സുഹൃത്തിനോട് ഷിബു പറയുന്നു. ഇതോടെ ഈ ചീഫ് ആരാണ്, കോടികള്‍ എവിടെ നിന്നു വരുന്നു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘത്തെ കുഴക്കുകയാണ്.

പണം ഇല്ലെന്ന് പറയുന്ന സുഹൃത്തിനോട്, ഇതിനായി ക്രിട്ടിക്കല്‍ പണി എടുക്കാനും തയ്യാറാകണമെന്ന് ഷിബു ഉപദേശിക്കുന്നു. പണം ബിസിനസ് മേധാവിക്ക് നല്‍കാനാണ്. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട്. ഹോട്ടലില്‍ സ്യൂട്ട് റൂമെടുത്ത് മൂന്ന് മാസമായി ഇയാള്‍ കഴിയുകയാണ്. പത്തുകോടി രൂപ ബിസിനസിന് അഡ്വാന്‍സ് ചെയ്ത്, വീടും പുരയിടവും വിലയ്ക്ക് വാങ്ങി സെക്യൂരിറ്റിയായി കിടക്കുകയാണ്. ഈ കോടികളുടെ ഇടപാടാണോ മന്ത്രവാദി കൃഷ്ണന്റെയും കുടുംബത്തിന്റെയും കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് മുഖ്യമായി അന്വേഷിക്കുന്നത്.

മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഷിബുവും റിട്ട.പൊലീസുകാരനും അടക്കം കസ്റ്റഡിയിലുളള അഞ്ചുപേരെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ നിര്‍ണായകവിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന. കൃഷ്ണന്റെയും കുടുംബത്തിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള നെടുങ്കണ്ടം സ്വദേശിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട കൃഷ്ണനുമായി ഷിബുവിന് അടുത്ത ബന്ധമുണ്ട്. കൂടാതെ മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ രാജശേഖരന്‍, തച്ചോളം സ്വദേശി ഇര്‍ഷാദ് എന്നിവരും കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്.

സംഭവസ്ഥലത്തുനിന്ന് ലഭിച്ച 6 വിരലടയാളങ്ങളും, ഫോണ്‍ കോള്‍ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കസ്റ്റഡിയിലുള്ള 5 പേരിലേയ്ക്ക് പൊലീസിനെ എത്തിച്ചത്. പൈനാവ് പൊലീസ് ക്യാമ്പിലും രഹസ്യകേന്ദ്രങ്ങളിലുമായാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കൊലയാളി സംഘം സഞ്ചരിച്ചെന്നു കരുതുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. സംഘത്തില്‍പ്പെട്ട ചിലര്‍ തമിഴ്നാട്ടിലേക്കു കടന്നതായും സൂചനയുണ്ടെങ്കിലും. തല്‍ക്കാലം തമിഴ്നാട്ടിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

സംഭവം നടന്ന വീട്ടിലെ ഓരോ മുറികളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കൃഷ്ണന്‍ ആക്രമണം ഭയന്നിരുന്നതായി ഇതില്‍ നിന്നു വ്യക്തമാകുന്നുണ്ടെന്നും പൊലീസ് പറയുന്നു. സെപ്ക്ട്ര യന്ത്രമുപയോഗിച്ച് ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടങ്ങി.

pathram desk 2:
Leave a Comment