ജിഎസ്ടി പാളുന്നു..? അതിര്‍ത്തികളില്‍ വീണ്ടും ചെക്‌പോസ്റ്റുകള്‍ വരുന്നു

കൊച്ചി: ജിഎസ്ടി വന്നതോടെ കഴിഞ്ഞ ഒരു വര്‍ഷമായി അതിര്‍ത്തികളില്‍ വാണിജ്യ നികുതി ചെക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ അന്തര്‍ സംസ്ഥാന നികുതി വരുമാനത്തിലെ ഇടിവിനു കാരണം കണ്ടെത്താന്‍ അതിര്‍ത്തികളില്‍ വാണിജ്യനികുതി വകുപ്പ് വീണ്ടും ‘ചെക് പോസ്റ്റ്’ തുറക്കുന്നതായി റിപ്പോര്‍ട്ട്.. ഇടയ്ക്കിടെ ജിഎസ്ടി സ്‌ക്വാഡുകള്‍ വാഹന പരിശോധന നടത്തിയിരുന്നെന്നു മാത്രം. ചെക് പോസ്റ്റുകളില്‍ മുന്‍പുണ്ടായിരുന്നതിനു സമാനമായ ഇവേ ബില്‍ പരിശോധന എല്ലാ അതിര്‍ത്തികളിലും നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കു ധനവകുപ്പ് നിര്‍ദേശം നല്‍കി. ചരക്കുമായി എത്തുന്ന എല്ലാ വാഹനങ്ങളും ജിഎസ്ടി സ്‌ക്വാഡുകള്‍ തടഞ്ഞുനിര്‍ത്തി ബില്‍ പരിശോധിക്കും.

ശരാശരി 650 കോടി രൂപയാണ് ഇപ്പോള്‍ ജിഎസ്ടി വരുമാനമായി പ്രതിമാസം സര്‍ക്കാരിനു ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ചരക്കു കേരളത്തിലേക്കു കൊണ്ടുവരുമ്പോള്‍ ഉത്പാദകരില്‍ നിന്നും വ്യാപാരികളില്‍ നിന്നും ലഭിക്കുന്ന ഐജിഎസ്ടി വരുമാനമാകട്ടെ ശരാശരി 800 കോടി രൂപയാണ്. ഈ തുക കേന്ദ്രം പിരിച്ചു സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതാണ്. എന്നാല്‍ ഐജിഎസ്ടി ഇനത്തില്‍ മാത്രം 1200 കോടി രൂപയെങ്കിലും മാസം ലഭിക്കേണ്ടതുണ്ടെന്നാണു സര്‍ക്കാരിന്റെ കണക്ക്.

വ്യാപാരികള്‍ നികുതി അടയ്ക്കാത്തതാണോ, ബില്ലില്‍ തട്ടിപ്പു നടത്തി നികുതി വെട്ടിക്കുന്നതാണോ, അതോ കേന്ദ്രം തയാറാക്കുന്ന കണക്കിലെ പിശകാണോ വരുമാനക്കുറവിനു കാരണമെന്നു കണ്ടെത്താനാണു മൂന്നു മാസത്തേക്കുള്ള കര്‍ശന വാഹന പരിശോധന. കേന്ദ്രം കൃത്യമായ കണക്കുകള്‍ കൈമാറാത്തതിനാല്‍ നികുതി വരുമാനം സംബന്ധിച്ചുള്ള സര്‍വേ കൂടി ലക്ഷ്യമിട്ടാണു പരിശോധന.

ജിഎസ്ടി ഇന്റലിജന്‍സ് സ്‌ക്വാഡുകളുടെ എണ്ണം തൊണ്ണൂറില്‍ നിന്ന് 190 ആക്കി. ആവശ്യത്തിനു വാഹനം ഇല്ലാത്തതിനാല്‍ വണ്ടികള്‍ വാടകയ്‌ക്കെടുത്തു തന്നെ പരിശോധനയ്ക്കിറങ്ങാനാണു നിര്‍ദേശം. മറ്റു വാഹനങ്ങള്‍ക്കു തടസ്സമാകാത്ത തരത്തില്‍ തിരക്കില്ലാത്ത കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്താകും സ്‌ക്വാഡുകളുടെ ചരക്കു വാഹന പരിശോധന. ഓണക്കാലമായതിനാല്‍ വന്‍ ചരക്കു കടത്താണ് ഇപ്പോള്‍ കേരളത്തിലേക്ക്.

pathram:
Related Post
Leave a Comment