മലയാളിയായ ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീം കോടതി ജഡ്ജിയാകും; കൊളീജിയം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജഡ്ജി ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. രണ്ട് വട്ടം കൊളീജിയം ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചിരുന്നു. ഉന്നത ജുഡീഷ്യറിയിലും ജോസഫിന്റെ നിയമനം വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ചെന്നൈ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡിഷാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും സുപ്രീംകോടതി ജഡ്ജിമാരാകും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെക്കൂടാതെ ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ. സിക്രി എന്നിവരുമുള്‍പ്പെട്ട കൊളീജിയമാണ് ഇവരെ ശുപാര്‍ശ ചെയ്തിരുന്നത്. ജസ്റ്റിസ് ജോസഫിന്റെ പേര് പ്രത്യേകമായാണു ശുപാര്‍ശ ചെയ്തിരുന്നത്. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നും പട്‌ന ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

ജസ്റ്റിസ് ജോസഫിനെയാണ് സുപ്രീംകോടതി കൊളീജിയം ആദ്യം ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, അതംഗീകരിക്കാതെ ആ ശുപാര്‍ശ പുനഃപരിശോധിക്കാന്‍ നിയമമന്ത്രാലയം കൊളീജിയത്തോട് ആവശ്യപ്പെട്ടത് ഏറെ വിവാദമുണ്ടാക്കി. എന്നാല്‍, കൊളീജിയം വീണ്ടും ജസ്റ്റിസ് ജോസഫിനെ ശുപാര്‍ശ ചെയ്യുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment