ഉപേക്ഷിച്ചു പോയ ബാപ്പയെ ഒന്നു കാണണം, കെട്ടിപ്പിടിക്കണം; ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി ഹനാന്‍

തന്റെ ഏറ്റവും വലിയ ആഗ്രഹം വ്യക്തമാക്കി ജീവിതത്തോട് പടവെട്ടി കേരളക്കരയുടെ അഭിമാനമായി മാറിയ ഹനാന്‍. ഉപേക്ഷിച്ചുപോയ ബാപ്പയെ ഒന്നു കാണണം, കെട്ടിപ്പിടിക്കണം. ഒരു ചാനല്‍ പരിപാടിക്കിടെയാണ് ഹനാന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. സുഖമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ വാപ്പച്ചി അടുത്തു വേണമെന്ന് തോന്നിയിരുന്നു. കഞ്ഞി കോരി തരണമെന്നും, തോളത്തിട്ട് നടക്കണമെന്നും ആഗ്രഹിച്ചിരുന്നു. ഇത് അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോള്‍ അവര്‍ വാപ്പച്ചിയെ വിളിച്ചു. പക്ഷേ വന്നില്ല. വിഷമസമയങ്ങളില്‍ എല്ലാവരും ചേര്‍ത്തു പിടിച്ചപ്പോഴും വാപ്പച്ചിയെ ഓര്‍ത്തു. വാപ്പച്ചി വരാന്‍ കാത്തിരിക്കുവ, ഒന്നു കെട്ടിപ്പിടിക്കണം’ ഹനാന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഖമില്ലാത്ത അമ്മയേയും അനുജനേയും ഹനാനെയും ഉപേക്ഷിച്ച് പോയ ആളാണ് ബാപ്പ. ജീവിക്കാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ കൈനീട്ടാതെ ചെറിയ ചെറിയ ജോലികളിലൂടെ ജീവിതം കൊരുത്തു കൊണ്ടുവന്ന ഹനാന് ബാപ്പയിന്നും ഉള്ളു നീറിക്കുന്ന ഓര്‍മ്മയാണ്.

തന്റെ ജീവിത പോരാട്ടങ്ങളെ അഭിനന്ദിച്ച് മലയാളി സമൂഹം മുഴുവന്‍ കൂടെ നില്‍ക്കുമ്പോഴും അതിനിടയിലുള്ള ദുഷ്ട മനസ്സുകളുടെ ആരോപണങ്ങള്‍ ഭീകരമായി നേരിടേണ്ടി വന്നപെണ്‍കുട്ടിയാണ് ഹനാന്‍. ചെറിയ പ്രായത്തില്‍ ജീവിതത്തില്‍ താന്‍ നേരിടുന്ന പ്രശ്നങ്ങളുടെ ഏഴയലത്തു പോലും വരുന്നതല്ല സൈബര്‍ കഴുകന്മാരുടെ ആക്രോശമെന്ന് തെളിയിച്ച് കൂടുതല്‍ കരുത്തോടെ അവള്‍ മുന്നേറുകയാണ്.

pathram desk 1:
Related Post
Leave a Comment