സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരും; തിരുവനന്തപുരത്ത് ഒരു മരണം, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്. നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഒരാള്‍ മരിച്ചു. പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ് കുട്ടി ജോണ്‍ (74) ആണ് മരിച്ചത്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ പ്രൊഫഷണല്‍ കോളെജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മലയോരമേഖലകളില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു.

ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. കനത്തമഴയെ തുടര്‍ന്ന് കണ്ണൂരിലെ ചിലയിടങ്ങളിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപ്പറമ്പ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ഇതിനു പകരമായി അടുത്ത അവധിദിനം പ്രവൃത്തിദിവസമായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രിയോടെ 2395 അടി കവിഞ്ഞു. തുടര്‍ന്ന് കെ എസ് ഇ ബി അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്ട് ജില്ലാ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൃഷിയിടങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. തീരമേഖലയില്‍ കടല്‍ക്ഷോഭവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment