ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചു; രാണ്ടാമൂഴവുമായി ശ്രീധരന്‍പിള്ള

ന്യൂഡല്‍ഹി: പി എസ് ശ്രീധരന്‍പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു.സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാമൂഴമാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നിയമിതനായതോടെയാണ് കേരളത്തിലെ ബിജെപി അധ്യക്ഷസ്ഥാനത്ത് ഒഴിവുണ്ടായത്. വി മുരളീധരന്‍ എം പിക്ക് ആന്ധ്രാപ്രദേശിന്റെ അധികചുമതലയും നല്‍കി. 2003- 2006 കാലത്തായിരുന്നു മുമ്പ് ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്നത്.

വി മുരളീധരന്‍, പി.കെ കൃഷ്ണദാസ് പക്ഷങ്ങള്‍ വ്യത്യസ്ത പേരുകള്‍ നിര്‍ദേശിച്ചതോടെ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഇരു ഗ്രൂപ്പിലും പെടാത്ത ശ്രീധരന്‍പിള്ളയെ തന്നെ അധ്യക്ഷനാക്കാന്‍ നേതൃത്വം തീരുമാനിച്ചത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, എം.ടി. രമേശ് തുടങ്ങിയവര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തീരുമാനത്തിലെത്താന്‍ സാധിച്ചിരുന്നില്ല.

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായ ഒഴിവില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സംസ്ഥാനത്തെ നേതാക്കളുമായി കേന്ദ്ര നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ ഏകാഭിപ്രായമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ദേശീയനേതൃത്വം സമാന്തരമായി നടത്തിയ വിലയിരുത്തലിലാണ് ശ്രീധരന്‍ പിള്ളയ്ക്ക് മുന്‍തൂക്കം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി രാംലാല്‍ ഉള്‍പ്പെടെയുള്ളവരുമായി ദേശീയാധ്യക്ഷന്‍ അമിത്ഷാ ചര്‍ച്ച നടത്തിയിരുന്നു.

pathram:
Related Post
Leave a Comment