എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മധുരരാജ തിരിച്ചെത്തുന്നു, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കൊച്ചി: പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി വൈശാഖ് ചിത്രത്തിന് ‘മധുരരാജ’ എന്ന് പേരിട്ടു. 2010ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ തുടര്‍ച്ചയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. പുലിമുരുകന്‍ ശേഷം വൈശാഖ് ഉദയ കൃഷ്ണ പീറ്റര്‍ ഹെയ്ന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ആദ്യമായിട്ടാണ് പീറ്റര്‍ ഹെയ്ന്‍ ഒരു മമ്മൂട്ടി ചിത്രത്തിന് സ്റ്റണ്ട് ഒരുക്കുന്നത്.

പോക്കിരിരാജ റിലീസ് ചെയ്ത് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മമ്മൂട്ടിയും വൈശാഖും അടുത്ത ചിത്രത്തിനായി ഒരുമിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് ചിത്രമായിട്ടാണ് ചിത്രം ഒരുക്കുന്നത്. 120 ദിവസം നീണ്ടു നില്‍ക്കുന്ന ചിത്രീകരണം മൂന്നു ഷെഡ്യൂളുകളായി തമിഴ് നാട്ടിലും കേരളത്തിലും പൂര്‍ത്തിയാക്കും. തമിഴ് യുവതാരം ജയ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂടെ മുഴുനീള വേഷത്തില്‍ അഭിനയിക്കും. പുലിമുരുകനില്‍ വില്ലനായി എത്തിയ ജഗപതി ബാബു മധുരരാജയിലും വില്ലന്‍ കഥാപാത്രമായി എത്തും.

ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദഗ്ധ ടെക്നിഷ്യന്മാരായിരിക്കും ചിത്രത്തിന്റെ വി എഫ് എക്സ് ജോലികള്‍ നിര്‍വഹിക്കുക. പോക്കിരിരാജ, രാജാധിരാജ, പുലിമുരുകന്‍, രാമലീല, ഒടിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാര്‍ തന്നെയാണ് മധുര രാജയുടെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ആക്ഷന്‍ കോമഡി ഇമോഷന്‍ ഗാനങ്ങള്‍ എന്നിവക്കെല്ലാം പ്രാധാന്യം നല്‍കി ഒരു തട്ടുപൊളിപ്പന്‍ ആഘോഷ ചിത്രമായിരിക്കും മധുര രാജ. ചിത്രത്തിന്റെ ഗാനങ്ങളും ബാക്ഗ്രൗണ്ട് മ്യുസിക്കും നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്.

സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, ആര്‍ കെ സുരേഷ്, സലീം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍, ബിജുക്കുട്ടന്‍, നോബി, ബാല, മണിക്കുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, കരാട്ടെ രാജ്, സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ അഭിനയിക്കുന്നു. അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് ചിത്രത്തിന്റെ നായികാനിരകളിലുള്ളത്. അടുത്തമാസം ഒമ്പതിന് ചിത്രീകരണം ആരംഭിക്കുന്ന മധുരരാജ, 2019 വിഷു റിലീസായി തിയേറ്ററുകളിലെത്തും. ഒരേസമയം മലയാളം തമിഴ് തെലുങ്കു ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും

pathram desk 2:
Related Post
Leave a Comment