സര്‍ക്കാര്‍ ഒപ്പമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം; സ്വന്തമായി ഒരു റേഷന്‍ കാര്‍ഡ് പോലും ഇല്ലാത്ത ആളാണ് ഞാന്‍; ഹനാന്‍

കൊച്ചി: സ്വന്തമായി ഒരു റേഷന്‍കാര്‍ഡ് പോലും ഇല്ലാത്ത ആളാണ് താനെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഹനാന്‍. തനിക്ക് പിന്തുണ നല്‍കിക്കൊണ്ട് മുഖ്യമന്ത്രി സര്‍ ഇട്ട പോസ്റ്റ് കൂട്ടുകാര്‍ കാണിച്ചു തന്നെന്നും ഏറെ സന്തോഷം തോന്നിയെന്നും ഹനാന്‍ പറയുന്നു.

‘സ്വന്തമായി ഒരു റേഷന്‍കാര്‍ഡ് പോലുമില്ലാത്ത എനിക്ക് സര്‍ക്കാര്‍ കൂടെയുണ്ടെന്നത് ആശ്വാസമാണ്. സര്‍ക്കാര്‍ കൂടെയുണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ തന്നെ നടപടിയെടുക്കുന്നതില്‍ കൂടുതല്‍ കരുത്ത് തോന്നുന്നു.

എല്ലാ പിന്തുണയും അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി സര്‍ ഇട്ട പോസ്റ്റുകണ്ടിരുന്നു. സന്തോഷം തോന്നി. പോയ വഴി മറക്കുന്ന ആളല്ല ഞാന്‍. എനിക്ക് മീന്‍കച്ചവടം തുടരണം. നിയമം നിയത്തിന്റെ വഴിക്ക് പോകണമെന്നാണ് ആഗ്രഹം. സോഷ്യല്‍ മീഡിയ വഴി അപമാനിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുക്കുമെന്നറിഞ്ഞു. ഒരു പരാതി നല്‍കാനോ അതിന് പിറകേ പോകാനോ ഈ അവസ്ഥയില്‍ എനിക്ക് കഴിയില്ല. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകട്ടെയെന്നാണ് ആഗ്രഹിക്കുന്നത്- ഹനാന്‍ പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഹനാനെ സംരക്ഷിക്കണമെന്നും എറണാകുളം ജില്ലാ കളക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ കൂടാതെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും വനിതാ കമ്മീഷനും ഹനാന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഹനാനെതിരെ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി.എസ് പറഞ്ഞിരുന്നു.

കേരളം മുഴുവന്‍ ഹനാനെ പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ കാണിച്ച ആത്മവിശ്വാസം കൈവിടരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇതിനോടകം കേസെടുത്തിട്ടുണ്ട്. ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസമാണെന്നും എന്തും വിളിച്ചുപറയുന്നവരുടെ കേന്ദ്രമായി സോഷ്യല്‍ മീഡിയ മാറിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ഹനാനെ നാളെ നേരില്‍ക്കാണുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗമാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്. സംഭവത്തില്‍ പരാതിയൊന്നും കിട്ടിയിട്ടില്ലെങ്കിലും ഇത്തരക്കാര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment