കോട്ടയം: 29 പേരുടെ ജീവന്‍ അപഹരിച്ച കുമരകം ബോട്ട് ദുരന്തം നടന്നിട്ട് ഇന്ന് 16 വര്‍ഷം പിന്നിടുന്നു. 2002 ജൂലൈ 27നു പുലര്‍ച്ചെ 5.45നായിരുന്നു അപകടം ഉണ്ടായത്. മുഹമ്മയില്‍ നിന്നു യാത്ര തിരിച്ച എ 53 ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 15 സ്ത്രീകളും 13 പുരുഷന്മാരും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞുമടക്കം 29 പേരാണ് അപകടത്തില്‍ മരിച്ചത്. പിഎസ്സി പരീക്ഷ എഴുതാന്‍ പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയും.
സ്ഥിരം യാത്രക്കാരായ കൂലിപണിക്കാരും മത്സ്യവില്‍പ്പനക്കാരും ബോട്ടിലുണ്ടായിരുന്നു. കൂടുതല്‍ ആളെ കയറ്റിയ ബോട്ട് കായലിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചതാണ് അപകട കാരണം. കുമരകം, മുഹമ്മ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ രാവിലെ ഒന്‍പതിന് ഇരു ജെട്ടികളിലും പുഷ്പാര്‍ച്ചന നടത്തി. രാവിലെ 8.45നു മുഹമ്മയില്‍ നിന്നും പുറപ്പെടുന്ന ബോട്ട് ദുരന്ത സ്ഥലത്ത് കായലിലും പുഷ്പാര്‍ച്ചന നടത്തി.
സംഭവം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് നാരായണക്കുറുപ്പ് കമീഷന്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കമീഷന്‍ നല്‍കിയ ശിപാര്‍ശകളില്‍ പലതും ഇപ്പോഴും കടലാസിലാണ്. കുമരകം ബോട്ട്‌ജെട്ടിയില്‍ 45 ലക്ഷം രൂപ മുടക്കി സ്മാരക മന്ദിരം നിര്‍മിച്ചെങ്കിലും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Leave a Comment