ദുല്‍ഖറിന്റെ നായികമാരായി നിഖില വിമലും സംയുക്ത മേനോനും എത്തുന്നു

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തില്‍ നായികമാരായി നിഖില വിമലും സംയുക്ത മേനോനും എത്തുന്നു. നവാഗതനായ ബിസി നൗഫല്‍ ആണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ സംവിധാനം ചെയ്യുന്നത്. ചിത്രം കോമഡി എന്റര്‍ടെയ്‌നറാണെന്നാണ് അണിയറയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

റിലീസിനായി കാത്തിരിക്കുന്ന ലില്ലി, ടൊവിനോ നായകനായ തീവണ്ടി എന്നീ ചിത്രങ്ങളില്‍ സംയുക്ത മേനോന്‍ ആണ് നായിക. വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ അരവിന്ദന്റെ അതിഥികള്‍ ആണ് നിഖില വിമലയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. നിലവില്‍ സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നിഖില. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും നിഖില യമണ്ടന്‍ പ്രേമകഥയില്‍ അഭിനയിക്കുക.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഇരുവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൗബിന്‍ സാഹിര്‍, അരുണ്‍ കുര്യന്‍, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി എന്നിവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്‍കുന്നു. സുജിത് വാസുദേവ് ആണ് ഛായാഗ്രാഹകന്‍. ക്രിസ്മസിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

pathram desk 2:
Related Post
Leave a Comment