ജെസ്‌നയ്ക്കായി അന്വേഷണ സംഘം കുടകില്‍ പരിശോധന നടത്തി; അന്വേഷണം ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്നയെ തേടി അന്വേഷണസംഘം കര്‍ണാടകയിലെ കുടകില്‍ തിരച്ചില്‍ നടത്തി. പൊലീസ് ശേഖരിച്ച ചില ഫോണ്‍കോളുകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവിടെ തിരച്ചില്‍ നടത്തിയത്.

കുടക്, മടിച്ചേരി എന്നിവിടങ്ങളിലെ 15 വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ജെസ്ന അവിടെയെത്തിയെന്നതിന് സൂചനയൊന്നും ലഭിച്ചില്ല. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളാണ് കുടകില്‍ എത്തിയിട്ടുള്ളത്. പൊലീസ് 30ലധികം മൊബൈല്‍ ടവറുകളല്‍നിന്ന് ശേഖരിച്ച ഫോണ്‍കോളുകളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

സംശയകരമായി കണ്ടെത്തിയ ഫോണ്‍കോളുകള്‍ ആരുടേതാണെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കുടകിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംശയമുണര്‍ത്തുന്ന നൂറിലധികം ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവയിലേതെങ്കിലും ഒന്ന് ജെസ്ന രഹസ്യമായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ ആയിരിക്കാമെന്ന സംശയമാണ് പൊലീസിനുള്ളത്.

മാര്‍ച്ച് 22നാണ് മുക്കൂട്ടുതറ കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെയിംസിന്റെ മകള്‍ ജെസ്നയെ കാണാതായത്.

pathram desk 1:
Leave a Comment